കോട്ടയം: പൊലീസ് പരിശോധന ശക്തമാക്കിയിട്ടും ചിങ്ങവനത്ത് അപകടങ്ങൾ കുറയുന്നില്ല. റോഡ് അപകടങ്ങൾ കുറയ്‌ക്കുന്നതിനു വേണ്ടി റോഡിനു നടുവിൽ മീഡിയൻ സ്ഥാപിക്കുകയും , മുന്നറിയിപ്പ് ബോർഡുകൾ വയ്‌ക്കുകയും ചെയ്‌തിട്ടും ചിങ്ങവനം പുത്തൻപാലം ജംഗ്ഷൻ അപകടത്തുരുത്തായി തുടരുന്നു. ഇന്നലെ രാവിലെയുണ്ടായ ബൈക്കിന് പിന്നിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തെ സംഭവം. ബൈക്ക് യാത്രക്കാരൻ അത്ഭുകരമായാണ് രക്ഷപെട്ടത്. 2020 ആരംഭിച്ച ശേഷം ഇവിടെ ഇതുവരെ പത്തിലേറെ അപകടങ്ങൾ ഉണ്ടാകുകയും, രണ്ടു പേർ മരിക്കുകയും ചെയ്‌തു. അപകടങ്ങളെല്ലാം ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ടു മാത്രമാണ് ഉണ്ടായതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും കണ്ടെത്തൽ. ജനുവരി ആദ്യവാരമാണ് ഈ വർഷം ആദ്യം ഇവിടെ അപകടമുണ്ടായത്.
ചിങ്ങവനത്തുണ്ടായ അപകടങ്ങൾ
മണിപ്പുഴയിലെ സ്വകാര്യ ഷോറൂം ജീവനക്കാർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പുത്തൻപാലത്തിന് സമീപം അപകടത്തിൽപ്പെട്ട് രണ്ടു യുവാക്കളിൽ ഒരാൾ മരിച്ചു
റോഡരികിൽ വിൽപ്പനയ്‌ക്കു വച്ചിരുന്ന മീൻ വാങ്ങാൻ നിറുത്തിയ ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചു
പാലുമായി കോട്ടയത്തേയ്‌ക്കു വരികയായിരുന്നു മിനി ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ച് വാഹനം തകർന്നു
ചങ്ങനാശേരിയിൽ നിന്നും മൈദയുമായി കോട്ടയത്തേയ്‌ക്കു വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്
ഇന്നലെയും അപകടം; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി
ഇന്നലെ രാവിലെ 8.30-ഓടെ ചിങ്ങവനം പുത്തൻപാലത്തിനു സമീപം ബൈക്കിനു പിന്നിൽ സ്വകാര്യ ബസിടിച്ച് യുവാവിന് നിസാര പരിക്കേറ്റു. കുറിച്ചി എസ്.പുരം സ്വദേശിയായ ബൈക്ക് യാത്രക്കാരൻ ആരോമൽ (21) ആശുപത്രിയിൽ ചികിത്സ തേടി. കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന സെന്റ് മരിയ ബസാണ് ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആരോമൽ റോഡിലേക്കു തെറിച്ചു വീണു. ബസിനടിയിൽ കുടുങ്ങിയ ബൈക്ക് വലിച്ചുകൊണ്ട് മീറ്ററുകളോളം ബസ് മുന്നോട്ടു നീങ്ങി. റോഡരികിലേയ്ക്കു തെറിച്ചു വീണതാണ് ആരോമലിന് തുണയായത്.