കോട്ടയം: നഷ്‌ടത്തിലാണെങ്കിലും അപകടക്കണക്കിൽ 2020 ൽ നേട്ടമുണ്ടാക്കി കെ.എസ്.ആർ.ടി.സി..! 2020 ലെ ആദ്യ രണ്ടു മാസത്തിനിടെ ജില്ലയിൽ 28 അപകടങ്ങളിൽ പങ്കാളിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ, മൂന്നു ജീവനുകളുമെടുത്തു. പത്തു പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുകയാണ്, അപകടത്തിൽ നിന്നു കഷ്‌ടിച്ചു രക്ഷപ്പെട്ടവർ നിരവധി. റോഡിൽ യാതൊരു മാന്യതയുമില്ലാതെ വാഹനം ഓടിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് കെ.എസ്.ആർ.ടി.സി ബസുകളാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെയും ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യമുണ്ടായ അപകടത്തിൽ നാഗമ്പടത്ത് കെ.എസ്.ആ‌ർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചിരുന്നു. കൂടാതെ ചിങ്ങവനത്ത് ബൈക്ക് യാത്രക്കാരനും കടുത്തുരുത്തിയിൽ സ്‌കൂട്ടർ യാത്രക്കാരിയും മരിച്ചു. ഒരാഴ്‌ച മുൻപ് നാട്ടകം പോളി ടെക്‌നിക് കോളേജിനു മുന്നിലുണ്ടായ അപകടത്തിൽ, രണ്ടു വിദ്യാർത്ഥികളെ കെ.എസ്.ആർ.ടി.സി ബസിടിച്ചു വീഴ്‌ത്തിയിരുന്നു. ഇവർക്ക് ജീവൻ തിരികെ കിട്ടിയത് ഭാഗ്യം കൊണ്ടുമാത്രമാണ്.

തോന്ന്യവാസത്തിന് ലൈസൻസ്

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വണ്ടിയായതിനാൽ റോഡിലെ തനി ഗുണ്ടയാണ് കെ.എസ്.ആർ.ടി.സി. മോട്ടോർ വാഹന വകുപ്പ് പരിശോധനയ്‌ക്കിടെ കെ.എസ്.ആ‌ർ.ടി.സി ഡ്രൈവർക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോ‌ർട്ട് നൽകിയാൽ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് റിപ്പോർട്ട് വെട്ടും. തിരുവനന്തപുരത്തെ കെ.എസ്.ആ‌ർ.ടി.സിയ്‌ക്കു മാത്രമായുളള ആർ.ടി ഓഫീസിലേയ്‌ക്കാണ് റിപ്പോർട്ടുകൾ അയയ്ക്കുന്നത്. ഇവിടെ നിന്ന് യാതൊരു നടപടിയും ഉണ്ടാകാറില്ല. ഇതാണ് തോന്നും പടി വണ്ടി ഓടിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് ധൈര്യം നൽകുന്നത്.

പ്രധാന വിനോദങ്ങൾ

 മുന്നിലും പിന്നിലുമുള്ള മറ്റു വാഹനങ്ങളെ ഒതുക്കുക

റോഡിന്റെ വലത് വശം ചേർന്ന് വണ്ടിയോടിക്കുക

 വളവുകളിൽ പോലും അശ്രദ്ധമായി ഓവർടേക്ക് ചെയ്യുക

രണ്ടുമാസത്തിനിടെ

28

അപകടങ്ങൾ

പരിശോധന ശക്‌തമാക്കും

അപകടങ്ങൾ വർദ്ധിക്കുന്നത് ഒഴിവാക്കാൻ പരിശോധന ശക്‌തമാക്കും. കെ.എസ്.ആർ.ടി.സി ബസുകൾക്കെതിരെയും ചെക്ക് റിപ്പോർട്ട് സമർപ്പിക്കും. അപകടങ്ങളും അപകട മരണങ്ങളും കുറയ്‌ക്കാൻ ശക്തമായ നടപടി ഉണ്ടാകും.

ടോജോ എം. തോമസ്, ആർ.ടി.ഒ, എൻഫോഴ്‌സ്‌മെന്റ്