പാലാ : നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് വീട്ടമ്മ നൽകിയ പരാതിയിൽ മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ നാലുവാഹനങ്ങൾ ജപ്തി ചെയ്തു. കുര്യനാട് വാഴയിൽ കെ.പി.മേരിക്കുട്ടി നൽകിയ പരാതിയിലാണ് നടപടി. പലിശയടക്കം ഏഴു ലക്ഷം രൂപ നൽകാനാണ് വിധി. 12 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന മേരിക്കുട്ടിയ്ക്ക് പല തവണയായി ഏഴു ലക്ഷം രൂപ തിരികെ ലഭിച്ചിരുന്നു. ബാക്കി ലഭിക്കാനുള്ള അഞ്ചുലക്ഷം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് മേരിക്കുട്ടി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയത്. പ്രസിഡന്റിന്റെ കാർ, സെക്രട്ടറി ഉപയോഗിച്ചിരുന്ന ബൊലോറെ ജീപ്പ്, പിക്കപ്പ് വാൻ, ഒമ്‌നി വാൻ എന്നിവയാണ് റിക്കവറി വാനിന്റെ സഹായത്തോടെ പാലാ കോടതി വളപ്പിലേയ്ക്ക് മാറ്റിയത്. വാഹനങ്ങൾ ലേലം ചെയ്ത് തുക കണ്ടെടുക്കും. കഴിഞ്ഞ ഒരു വർഷമായി സൊസൈറ്റിയിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണമാണ്. നൂറോളം നിക്ഷേപകർക്ക് പണം തിരികെ നൽകാനുണ്ട്.