കോട്ടയം: ലംപി സ്കിൻ (ചർമ മുഴ) രോഗത്തിനുള്ള പ്രതിരോധ കുത്തിവെപ്പിന് പിറകേ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ഭീതിയിൽ ക്ഷീര കർഷകർ. എന്നാൽ ആരോഗ്യ പ്രശ്നമുണ്ടാകില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്.
ജില്ലയില കന്നുകാലികളിൽ ലംപി സ്കിൻ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. ഇത് മൂലം പാൽ ഉത്പാദനവും കുറഞ്ഞു. വേനൽ ശക്തമായതോടെ പാൽ ഉത്പാദനത്തൽ പിന്നെയും വൻ കുറവുണ്ടായി . പച്ചപ്പുല്ലും വെള്ളവും ലഭ്യമാക്കാൻ കർഷകർ ബുദ്ധിമുട്ടുന്നതിനിടയിൽ കുളമ്പു രോഗ പ്രതിരോധകുത്തിവെപ്പ് പാൽ ഉത്പാദനം ഇനിയും കുറയ്ക്കുമെന്നും ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നുമുള്ള ക്ഷീര കർഷകരുടെ ഭീതി അകറ്റാൻ അധികൃതർക്കു കഴിയുന്നില്ല .
ഇന്നു മുതൽ മാർച്ച് 23 വരെ മൂന്നാഴ്ച കാലയളവിലാണ് മൃഗസംരക്ഷണ വകുപ്പ് സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത്. ലംപി സ്കിൻ ബാധയെ തുടർന്ന് ഇത് നീട്ടിവച്ചിരുന്നു. വൈക്കം , കടുത്തുരുത്തി. ഏറ്റുമാനൂർ, പാമ്പാടി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ചർമ മുഴ രോഗം വ്യാപിച്ചത്. രോഗം മാറിയെങ്കിലും കുറഞ്ഞ പാൽ ഉത്പാദനം കൂടിയിട്ടില്ല. ഇതാണ് കർഷകരുടെ ആശങ്കയ്ക്ക് കാരണം.
ജില്ലയിൽ
83076
പശുക്കൾ
ചർമ മുഴ രോഗം വന്നതോടെ പത്തു ലിറ്റർ പാൽ കിട്ടിയിരുന്നത് ഒന്നും രണ്ടും ലിറ്റർ വരെയായി. ഇനി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പും കൂടി ആകമ്പോൾ പശുക്കളുടെ ആരോഗ്യവും പാൽ ഉത്പാദനവും എങ്ങനെയെന്ന് പറയാൻ കഴിയില്ല .
പുഷ്കരൻ, ക്ഷീര കർഷകൻ, അയ്മനം
2030ന് മുമ്പ് കുളമ്പുരോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആറ് മാസം ഇടവിട്ട് വർഷത്തിൽ രണ്ടു തവണ പ്രതിരോധ കുത്തിവെപ്പു നടത്തുന്നത്. ലംപി സ്കിൻ രോഗ പ്രതിരോധ കുത്തിവെപ്പും കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പും കൂട്ടിക്കുഴയ്ക്കേണ്ടതില്ല . പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും പാൽ ഉത്പാദനം കുറയ്ക്കുമെന്നുമുള്ള ആശങ്ക ശരിയല്ല.
ഫിലോമിന തോമസ്
(മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കോട്ടയം )