പാലാ : 'കരാറുകാരെ, ഒന്നു വരാമോ, എങ്ങനെയെങ്കിലും ഈ വർക്ക് ഒന്നെടുക്കൂ പ്ലീസ് ' പാലാ നഗരസഭാധികാരികൾ പറഞ്ഞ് മടുക്കുന്നതല്ലാതെ ഒരു കരാറുകാരനും നഗരസഭയുടെ പടി ചവിട്ടുന്നില്ല. ഇതിന് മുമ്പ് ചെയ്ത പല പണികളുടെ കോടിക്കണക്കിന് രൂപ കിട്ടാനുള്ളപ്പോൾ ഇനിയും വർക്കെടുത്ത് കടക്കെണിയിൽ മുങ്ങാനില്ലെന്നാണ് കരാറുകാരുടെ വാദം. രണ്ടുകോടിയിൽപ്പരം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പാലായിൽ തടസപ്പെട്ട് കിടക്കുന്നത്. മാർച്ച് 31 ന് മുൻപ് പണി തീർക്കേണ്ടവയാണ് എല്ലാം. ടെണ്ടർ വിളിച്ചിട്ടും കരാറുകാർ എടുക്കാത്തത് 66 വർക്കുകളാണ്. എടുത്തത് ഇടയ്ക്ക് വച്ച് ഇട്ടിട്ടു പോയവരുമുണ്ട്. കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് നവീകരണം മാത്രം വലിയ കുഴപ്പമില്ലാതെ പോകുന്നുവെന്നത് ആശ്വാസമാണ്. 19 വർക്കുകൾ റീ ടെണ്ടറിന് ക്ഷണിച്ചതിൽ ടെണ്ടറായത് ഗവ. ആയുർവേദാശുപത്രിയുടെ സംരക്ഷണഭിത്തി നിർമ്മാണം (10.70 ലക്ഷം) മാത്രമാണ്.
കരാറുകാരെ കാത്ത് ഈ വർക്കുകൾ
പാലാ ജനറൽ ആശുപത്രി നവീകരണം : 12.5 ലക്ഷം
ഊരാശ്ശാല ബൈ റോഡ് പുനരുദ്ധാരണം : 11.5 ലക്ഷം
ജനതാ റോഡ് പുനരുദ്ധാരണം : 9.5 ലക്ഷം
കവീക്കുന്ന് - കൊച്ചിടപ്പാടി റോഡ് റീ ടാറിംഗ് : 5.75 ലക്ഷം
പി.കെ. റോഡ് പുനരുദ്ധാരണം : 8ലക്ഷം
ടി.ബി. റോഡ് ബൈ റോഡ് പുനരുദ്ധാരണം : 5.30
വിജയോദയം വായനശാല കടപ്പാട്ടൂർ ബൈറോഡ് : 6.75 ലക്ഷം
കരാറുകാരുടെ യോഗം വിളിക്കും : സെക്രട്ടറി
അവസാനശ്രമമെന്ന നിലയിൽ രണ്ടുദിവസത്തിനുള്ളിൽ മുഴുവൻ കരാറുകാരുടെയും യോഗം നഗരസഭയിൽ വിളിച്ച് ചേർക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹുവൈസ് പറഞ്ഞു. വർക്കുകൾ ഊർജിതമാക്കാനായി നഗരസഭ ഉദ്യോഗസ്ഥരുടെ പ്രത്യേക വിംഗ് രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.