പാലാ : അഞ്ചു വർഷത്തോളമായി പ്രവർത്തനം നിലച്ച മീനച്ചിൽ റബർമാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സഹകരണസംഘം പുനരുദ്ധരിക്കുന്നതിനായി മീനച്ചിൽ താലൂക്കിലെ സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിക്കാൻ സർക്കാർ ഉത്തരവായി. മുഖ്യമന്ത്രി, സഹകരണമന്ത്രി തുടങ്ങിയവരുമായി മാണി.സി.കാപ്പൻ എം.എൽ.എ നടത്തിയ ചർച്ചയിലാണ് സർക്കാർ നടപടി. പ്രവർത്തനം നിലച്ചതോടെ സംഘത്തിൽ നിക്ഷേപം നടത്തിയ കർഷകരും സ്ഥാപനത്തിലെ തൊഴിലാളികളും ദുരിതത്തിലായിരുന്നു. മീനച്ചിൽ മാർക്കറ്റിംഗ് സംഘം പുനരുദ്ധരിച്ച് സംഘത്തിനു കീഴിലെ രണ്ട് ഫാക്ടറികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് മൂന്ന് കോടി രൂപയാണ് ആവശ്യമായി വരിക. താലൂക്കിലെ സംഘങ്ങളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിക്കുന്നതോടെ ആവശ്യമായ തുക സമാഹരിക്കാമെന്നും ഈ തുക ഫാക്ടറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും ഘട്ടംഘട്ടമായി സംഘത്തിന്റെ ബാദ്ധ്യതകൾ തീർക്കുന്നതിനും സാധിക്കുമെന്ന് പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നു. കൺസോർഷ്യം രൂപീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തി.