കോട്ടയം: എം.ജി. സർവകലാശാല മാർക്ക് ദാന വിവാദത്തെ തുടർന്ന് കോൺഗ്രസ് സംഘടനയായ മഹാത്മാഗാന്ധി എംപ്ളോയിസ് യൂണിയനിലുണ്ടായ ഭിന്നത പൊട്ടിത്തെറിയിലെത്തി. ഒരു വിഭാഗം ഓഫീസ് പൂട്ടി താക്കോലുമായി പോയപ്പോൾ മറുവിഭാഗം രണ്ട് പേരെ സംഘടനയിൽ നിന്ന് പുറത്താക്കി.

എം.ജി. സർവകലാശാല മാർക്ക് ദാന വിവാദത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ഒത്തുകളിച്ചെന്ന ആക്ഷേപത്തെ തുടർന്ന് യൂണിയൻ ജനറൽ സെക്രട്ടറി ആഷിക് എം. കമാൽ പ്രാഥമികാംഗത്വം രാജിവച്ചതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് ഇതുവരെയെത്തിയത്. രമേശ് ചെന്നിത്തല കൊണ്ടുവന്ന മാർക്ക് ദാന വിഷയം സംഘടന വേണ്ടവിധം ഏറ്റെടുത്തില്ലെന്ന ആക്ഷേപം ഐ ഗ്രൂപ്പ് ഉന്നയിച്ചതോടെയാണ് എ ഗ്രൂപ്പിൽ നിന്നുള്ള ആഷിക് രാജിക്കത്ത് നൽകിയത്. എന്നാൽ തീരുമാനം എടുത്തുചാടിയുള്ളതായിപ്പോയെന്ന് പിന്നീട് എ ഗ്രൂപ്പിൽ അഭിപ്രായം ഉയർന്നു. രാജിസ്വീകരിക്കേണ്ടന്ന് എ വിഭാഗം പറഞ്ഞപ്പോൾ സ്വീകരിക്കണമെന്ന നിലപാടിലായിരുന്നു ഐ ഗ്രൂപ്പ്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന കമ്മിറ്റിയിൽ ഇരു വിഭാഗവും പരസ്പരം ചേരിതിരിഞ്ഞു. യോഗം കൈയാങ്കളിയുടെ വക്കിലെത്തി. പിന്നീട് എ ഗ്രൂപ്പിലെ ഉന്നത നേതാവിന്റെ നിർദേശ പ്രകാരം രാജിക്കത്ത് സ്വീകരിക്കേണ്ടെന്നും ആഷിക് ജനറൽ സെക്രട്ടറിയായി തുടരട്ടെയെന്നും ഡി.സി.സി നിലപാടെടുത്തു. ഇതിൽ ക്ഷുഭിതരായ ഐ ഗ്രൂപ്പ് സംഘടനയുടെ ഓഫീസ് പൂട്ടി. പിന്നാലെ എത്തിയ എ വിഭാഗം താഴ് തകർത്ത് അകത്ത് കടന്ന ശേഷം സെക്ഷൻ ഓഫീസർമാരായ എസ്.നവീൻ, എൻ.എസ്.മേബിൾ എന്നിവരെ സംഘടനയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ ഇരുവരേയും പുറത്താക്കിയ വിവരം ആഷിക് എം.ർ കമാൽ ജനറൽ സെക്രട്ടറിയായ ലെറ്റർപാഡിലാണ് രേഖാമൂലം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് മറുവിഭാഗം.