ആദ്യത്തെ ഡിജിറ്റൽ സെൻസസ്
വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും
ആദ്യഘട്ടത്തിൽ 31 ചോദ്യങ്ങൾ
ജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ
കോട്ടയം: സെൻസസ് 2021 ന്റെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം കുറിച്ചു. ആദ്യ ഘട്ടമായി ജില്ലാ സെൻസസ് ഉദ്യോഗസ്ഥർക്കും തഹസീൽദാർമാർ, മുനിസിപ്പൽ സെക്രട്ടറിമാർ തുടങ്ങിയ ചാർജ് ഓഫീസർമാർക്കും സെൻസസ് ക്ലർക്കുമാർക്കും കളക്ടറേറ്റിൽ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു.
സെൻസസ് പ്രക്രിയ, ചോദ്യങ്ങൾ, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങൾ, മൊബൈൽ ആപ്ലിക്കേഷൻ, സെൻസസ് മാനേജ്‌മെന്റ് ആൻഡ് മോണിറ്ററിംഗ് പോർട്ടൽ തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു.
ഒന്നാം ഘട്ട സെൻസസ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഏകദേശം 4200എന്യൂമറേറ്റർമാരുടെയും 700സൂപ്പർവൈസർമാരുടെയും സേവനം ആവശ്യമുണ്ട്. ഇവരെ നിയോഗിക്കുന്നതിനായി സർക്കാർ വകുപ്പുകളിൽനിന്നും അർധസർക്കാർ സ്ഥാപനങ്ങളിൽനിന്നും ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ജീവനക്കാരുടെ വിവരങ്ങൾ കൃത്യമായി നൽകാത്ത ഓഫീസ് മേധാവികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.
മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവര ശേഖരണം നടത്തുകയും പ്രത്യേക വെബ് പോർട്ടൽ മുഖേന പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയ്യുന്നതുകൊണ്ടുതന്നെ ചരിത്രത്തിലെ ആദ്യ ഡിജിറ്റൽ സെൻസസാണിത്.
ഒന്നാം ഘട്ടം വീടുപട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും ആണ്. രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2021 ഫെബ്രുവരിയിൽ നടക്കും.