പാലാ : തങ്ങളുടെ സർഗാത്മകതയും കലാവാസനയും പ്രവൃത്തിപരിചയ മികവും സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് ഒരുസംഘം വിദ്യാർത്ഥികൾ. പാലാ മഹാത്മാഗാന്ധി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളാണ് പഠനത്തോടൊപ്പം സ്വായത്തമാക്കിയ കലാകായിക മികവുകൾ പൊതുജനസമക്ഷം അവതരിപ്പിച്ചത്. സ്‌കൂളിൽനിന്ന് കലാജാഥയായി ളാലം പാലം ജംഗ്ഷനിലെത്തിയ വിദ്യാർത്ഥികൾ നാടകം, കവിതാലാപനം, സ്‌കിറ്റ്, ചിത്രരചന, പരിസ്ഥിതിസൗഹൃദ ഉത്പന്ന നിർമ്മാണം, പ്രവൃത്തിപരിചയം തുടങ്ങിയവ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് എം.ജെ.വർക്കി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.ജി.രമണി, എസ്.ആർ.ജി കൺവീനർ കെ.ശ്രീകല എന്നിവർ പ്രസംഗിച്ചു.