വൈക്കം: ഗുരുവായൂർ പത്മനാഭന്റെ വിയോഗംക്ഷേത്ര നഗരിയായ വൈക്കത്തും ആന സ്‌നേഹികൾക്ക് ദുഖവാർത്തയായി.

ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവങ്ങളിൽ വൈക്കത്തപ്പന്റെ തിടമ്പേറ്റാൻ എത്തിയിരുന്നു. രണ്ടു വർഷം അഷ്ടമിയുടെ ഒൻപതാം ഉത്സവ നാളിൽ ശ്രീബലിക്ക് പത്മനാഭൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി. പ്രത്യക്ഷ ഗണപതിയെ സങ്കൽപ്പിച്ച് ഒൻപതാം ഉത്സവ നാളിൽ നടത്തുന്ന ആനയൂട്ടിലും പത്മനാഭൻ പങ്കെടുത്തിരുന്നു. 2008 ലെ വൈക്കത്തഷ്ടമിയുടെ വിളക്കെഴുന്നള്ളിപ്പിൽ വൈക്കത്തപ്പന്റെ തിടമ്പേറ്റിയത് പത്മനാഭനാണ്. ഈ എഴുന്നളളിപ്പിൽ ഉദയനാപുരത്തപ്പന്റെ തിടമ്പ് എടുത്തത് അടുത്തിടെ ചരിഞ്ഞ നാണു എഴുത്തഛൻ ശ്രീനിവാസനായിരുന്നു. 2014 ലാണ് അവസാനമായി പത്മനാഭൻ വൈക്കത്തെത്തിയത്.
പത്മനാഭൻ വൈക്കത്തെത്തുമ്പോൾ ക്ഷേത്രത്തിന് തെക്കേനടയിൽ മേൽശാന്തി മഠത്തിന് സമീപമാണ് തളയ്ക്കുക. ഇവിടെ പത്മനാഭനെ കാണാൻ ആനപ്രേമികളുടെയും ഭക്തരുടെയും തിരക്ക് അനുഭവപ്പെട്ടിരുന്നു. പത്മനാഭൻ എത്തുമ്പോൾ ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണ് ഭക്തജനങ്ങൾ ദർശിച്ചിരുന്നത്.
പത്മനാഭന്റെ വിയോഗത്തിൽ വൈക്കത്തെ തെക്കേനട ആനപ്രേമി സംഘവും വടക്കേനട ആനസ്‌നേഹി സംഘവും അനുശോചിച്ചു.