വൈക്കം: മാക്കേകടവ്‌-നേരേകടവ് പാലത്തിന്റെ നിർമാണത്തിലെ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പൂർത്തീകരിക്കാൻ ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. പാലം നിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന പ്രക്രിയ ഉടൻ പൂർത്തീകരിക്കാനും ആഴ്ചതോറും യോഗം ചേർന്ന് നിർമ്മാണ പുരോഗതി വിലയിരുത്തി മന്നോട്ടപോകാനും യോഗത്തിൽ ധാരണയായി. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്ക് സമയക്രമവും നിശ്ചയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്‌ടോബറിൽ നിർമാണം പൂർത്തീകരിക്കുമെന്ന് യോഗം വിലയിരുത്തി. ഇന്നലെ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എം.പിമാരായ എ.എം ആരിഫ്, തോമസ് ചാഴികാടൻ, സി.കെ ആശ എം.എൽ.എ, ആലപ്പുഴ ജില്ലാ കളക്ടർ എം. അഞ്ജന, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സുനിൽകുമാർ, മുൻ പ്രസിഡന്റ് സാബു പി. മണലൊടി, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഇരുകരകളിലെയും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും മറ്റും കാരണം കഴിഞ്ഞ ഒന്നര വർഷത്തോളമായി മുടങ്ങി കിടന്നിരുന്ന നിർമാണത്തിനാണ് ഇപ്പോൾ ജീവൻ വച്ചിരിക്കുന്നത്. നിയുക്ത തുറവൂർ-പമ്പ ഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണിത്. നിർമ്മാണത്തിന്റെ ആദ്യഘട്ടമായ തുറവൂർ പാലം നിർമാണം 2015ൽ പൂർത്തിയാക്കിയിരുന്നു. വേമ്പനാട്ടുകായലിനു കുറുകെയുള്ള ഏറ്റവും നീളമേറിയ മാക്കേകടവ്‌-നേരേകടവ് പാലത്തിന് ഏകദേശം ഒരു കിലോമീറ്ററോളം നീളവും 11 മീറ്റർ വീതിയുണ്ട്.

 നിർമ്മാണച്ചെലവ് -- 100 കോടി രൂപ

 പാലം പങ്കുവയ്ക്കുന്ന പ്രതീക്ഷകൾ

പാലം യാഥാർത്ഥ്യമാകുന്നതോടെ വൈക്കത്തും നിന്നും കൊച്ചിയിലേക്കുള്ള എളുപ്പവഴിയാകും

 ശബരിമല ഇടത്താവളമായ തുറവൂരിൽ നിന്നും വൈക്കം വഴി തീർത്ഥാടകർക്ക് പമ്പയിലേക്ക് പെട്ടെന്നെത്താം

 നേരേകടവ് പ്രദേശത്തിന്റെ വികസനമുരടിപ്പിന് മാറ്റം വരുമെന്നും പ്രതീക്ഷ

 മാക്കേകടവ്‌-നേരേകടവ് പാലം: തുറവൂർ-പമ്പ ഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലം

നീളം: ഏകദേശം 1 കി.മീ, വീതി: 11 മീറ്റർ

---

നേരേകടവ്-മാക്കേകടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ആലപ്പുഴ കളക്ടറ്റേിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം