തലയോലപ്പറമ്പ് : ദാരികാസുരനെ ഉഗ്രയുദ്ധത്തിലൂടെ ഭദ്രകാളി നിഗ്രഹിക്കുന്നതിനെ പ്രതീകമാക്കി നടത്തിയ ഭക്തിനിർഭരമായ ചടങ്ങുകളോടെ കളമ്പൂക്കാവിൽ ഒരു വലിയ പാനകൂടി കടന്നുപോയി. ചക്കപ്പുഴുക്കും, മുതിരപ്പുഴുക്കും, അസ്ത്രവുമടങ്ങുന്ന പാരമ്പര്യ വിഭവങ്ങൾ കൊണ്ട് സമൃദ്ധമായ പാനകഞ്ഞി കുടിച്ച് വർദ്ധിത വീര്യത്തോടെ എത്തിയ പാനക്കാർ ദേവിയുടെ അനുചാരന്മാരായി മാറി പാനയെഴുന്നള്ളിപ്പിന് അകമ്പടി സേവിച്ചു. തുടർന്ന് വൈകിട്ട് പാന നടയിൽ നടന്ന ദാരിക നിഗ്രഹ ചടങ്ങുകളോടെ ഇക്കൊല്ലത്തെ വലിയ പാനയ്ക്ക് പരിസമാപ്തിയായി. ധീവര സഭ കളമ്പൂർ, മുളക്കുളം ശാഖകളുടെ ഗരുഡനും മേവെളളൂർ ശ്രീവേദവ്യാസ ധീവര സമാജത്തിന്റെ ഭീമനും (കെട്ടുകാഴ്ച്ചകൾ ) വലിയ പാനയ്ക്കും കാവിന്റെ മുറ്റത്തെത്തി. ഉച്ചപൂജ,പാനപ്പുര പൂജ എന്നിവയെ തുടർന്ന് പാനകുറ്റി കൈയിൽ കിട്ടിയതോടെ ദേവിയുടെ ഭൂതകാര്യങ്ങളായി മാറിയ പാനക്കാർ ചുവന്ന പട്ട് ചുറ്റി കൈയിൽ പാന കുറ്റിയുമായി ആർത്തുല്ലസിച്ചിറങ്ങി പാനതുള്ളി ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ചിറങ്ങി. പാന കഞ്ഞിക്ക് ശേഷമായിരുന്നു ദേവിയുടെ പടപ്പുറപ്പാടായ വലിയ പാന എഴുന്നെള്ളിപ്പ്. വാദ്യകലാനിധി തിരുമറയൂർ മുരളീധരമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം അകമ്പടിയായി.
പാന മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്ക് പാനപ്പുരയിൽ നടക്കുന്ന വലിയ ഗുരുതിയോടെ പാനക്കാർ പിരിയും. വൈകീട്ട് ദീപാരാധനയെ തുടർന്നു് ദേവിയെ കീഴ്ക്കാവിലേയ്ക്ക് എഴുന്നളളിക്കും. തുടർന്ന് വൈകിട്ട് 7 ന് ഒറ്റത്തൂക്കങ്ങൾ കാവിലെത്തി അമ്മയെ വണങ്ങി മടങ്ങും. രാത്രി വൈകതോറും കളമ്പൂരിന്റെ ഉൾനാടുകളിൽനിന്നും സമീപകരകളിൽ നിന്നും താലപ്പൊലി സംഘങ്ങൾ കാവിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ചെണ്ടയുടെ നാദ ഭംഗിയും പന്തത്തിന്റെ ശോഭയും ആർപ്പുവിളികളും കളമ്പൂരിന്റെ നാട്ടുവഴികളിൽ മുഴങ്ങുന്ന തൂക്ക രാത്രി പകുതി പിന്നിടുന്നതോടെ ഗരുഡന്മാരുടെ വരവാകും. ചെണ്ടമേളത്തിന്റെ താളത്തിനൊത്തു പറന്ന് നീങ്ങുന്ന ഗരുഡന്മാർ കാവിലെത്തി പയറ്റി പറന്ന് അമ്മയെ വണങ്ങും. മുഴുവൻ ഗരുഡന്മാരും അണിനിരക്കുന്ന കൂടി പറക്കലോടെ ഒരിക്കൽക്കൂടി അമ്മയെ വണങ്ങി മടങ്ങുന്നതോടെ കിഴക്ക് വെള്ള കീറും.