അടിമാലി:രാവിലെ നടക്കാനിറങ്ങിയ സ്ത്രീകളെ ഇടിച്ച് വീഴ്ത്തിയ പെട്ടി ഓട്ടോ നിർത്താതെ പോയി. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു . അടിമാലി കുമളി ദേശീയപാതയിൽ ബുധനാഴ്ച പുലർച്ചെ 5.45ഓടെയാണ് അപകടം . അടിമാലി സ്വദേശികളായ തൊട്ടക്കര ബിന്ദു സുരേഷ് (42), പറന്തോട്ടത്തിൽ സൗമ്യ മഹേഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്. പതിവ് നടത്തത്തിനായി ദേശീയ പാതയോരത്തുകൂടി പോവുകയായിരുന്ന ഇവരെ അമിത വേഗതയിലെത്തിയ ഓട്ടോ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചുവീണു. പുലർച്ചെയായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.