കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ഗുരുദേവ സ്മൃതി മണ്ഡപത്തിന്റെ താക്കോൽദാനം നടത്തി. അരക്കോടി രൂപ ചെലവഴിച്ചാണ് ദേവസ്വം മണ്ഡപം നിർമ്മിച്ചിരിക്കുന്നത്. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് വി.പി അശോകൻ ആർക്കിടെക്ട് മേലേക്കര ബൈജുവിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ മുഖ്യകാർമ്മികത്വം വഹിച്ചു. വൈസ് പ്രസിഡന്റ് പി.എ സുരേഷ്, സെക്രട്ടറി കെ.ഡി സലിമോൻ എന്നിവർ പ്രസംഗിച്ചു.
മാർച്ച് ഒന്നിന് വൈകിട്ട് എട്ടിന് ചേരുന്ന സമ്മേളനത്തിൽ ശിവഗിരി മഠത്തിലെ സ്വാമിമാരായ ശാരദാനന്ദയും, സച്ചിനാന്ദയും ചേർന്ന് മഠത്തിന്റെ സമർപ്പണം നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്യും. 1903 ലാണ് ശ്രീനാരായണ ഗുരുദേവൻ കുമരകത്ത് സന്ദർശനം നടത്തിയത്. ഗുരുദേവൻ എത്തിയപ്പോൾ ഇരുന്നിരുന്ന കസേര പുത്തൻവീട്ടിൽ തങ്കച്ചൻ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഈ കസേരയും ദേവസ്വത്തിന് സമർപ്പിക്കും. ഗുരുദേവകൃതികളുടെയും സന്ദേശങ്ങളുടെയും സമ്പൂർണ പഠനകേന്ദ്രമാക്കി സ്മൃതി മണ്ഡപത്തെ മാറ്റുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മാർച്ച് ഒന്നിനു തന്നെ വൈകിട്ട് ഏഴിനും 7.15 നും ഇടയിലുള്ള മുഹൂർത്തത്തിൽ ക്ഷേത്രത്തിലെ ഉത്സവത്തിനും കൊടിയേറ്റും.