കോട്ടയം: മലരിക്കൽ ടൂറിസം മേളയ്‌ക്ക് കാർഷിക പ്രദർശനത്തോടെ തുടക്കമായി. 28 മുതൽ മാർച്ച് ഒന്നുവരെയാണ് മേള നടക്കുന്നത്. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായുള്ള പത്തു ജലടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് മലരിക്കൽ. ഇവിടെ നടക്കുന്ന മൂന്നാമത് വയലോര - കായലോര ടൂറിസം മേളയ്‌ക്കാണ് തുടക്കമായത്. ജനകീയ കൂട്ടായ്‌മയും, തിരുവാർപ്പ് ഗ്രാമപഞ്ചായത്തും, ജെ - ബ്ലോക്ക് - തിരുവായ്‌ക്കരി പാടശേഖര സമിതികളും തിരുവാർപ്പ്, കാഞ്ഞിരം, സഹകരണ ബാങ്കുകളും, ഉൾനാടൻ മത്സ്യതൊഴിലാളി സഹകരണ സംഘവും മലരിക്കൽ ടൂറിസം സൊസൈറ്റിയും ചേർന്നാണ് ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം തിരനോട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്‌തു. മുൻകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനം ഇവിടെ ആരംഭിച്ചിട്ടുണ്ട്. മലരിക്കൽ അസ്‌തമയ കേന്ദ്രത്തിന്നു പിന്നിലെ രണ്ടര ഏക്കർ പക്ഷിസങ്കേതത്തിലൂടെയുള്ള വനസവാരിയാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മീനച്ചിലാറ്റിലൂടെ വള്ളത്തിലുള്ള യാത്രയിൽ ആമ്പൽകാഴ്ചയും, പച്ച വിരിച്ച പാടങ്ങൾക്ക് നടുവിലൂടെയുള്ള യാത്രയും മേളയെ വേറിട്ടതാക്കുന്നു.
പകൽ വിശ്രമത്തിനുള്ള സൗകര്യങ്ങൾക്കൊപ്പം, നാടൻ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 28 മുതൽ മൂന്നു ദിവസം വൈകിട്ട് കലാപരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും. ഗാനമേള, നാടൻപാട്ട്, പരുന്താട്ടം, മാജിക് ഷോ, ഫിഗർഷോ, കോമഡി ഷോ, ക്ലാസിക്കൽ നൃത്തം, ഉൾപ്പടെ വിവിധ കലാപരിപാടികൾ മേളയുടെ ഭാഗമായി നടക്കും.