swami

ചങ്ങനാശേരി: ലോകം കണ്ട മഹാനായ രാഷ്ട്രമീമാംസകനാണ് ശ്രീനാരായണ ഗുരുദേവനെന്ന് അദ്ദേഹത്തിന്റെ അഷ്ട സന്ദേശത്തിലൂടെ മനസിലാക്കാൻ സാധിക്കുമെന്ന് ശിവഗിരിമഠം സന്യാസി ശ്രേഷ്ഠൻ സ്വാമി സച്ചിദാനന്ദ പറഞ്ഞു.എസ്.എൻ.ഡി.പി യോഗം 774ാം നമ്പർ മാടപ്പള്ളി ശാഖാ ശ്രീനാരായണഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടും രണ്ടാമത് ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനത്തോടുമനുബന്ധിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഒരു രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗതിക്കാവശ്യമായതെല്ലാം അഷ്ടവിഷയങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈതൊഴിൽ, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ വിഷയങ്ങൾ ഗുരുദേവന്റെ മാർഗനിർദേശമാണെന്ന് നാം അറിയണം. ഗുരു പറഞ്ഞ അഷ്ടവിഷയങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു. ഇനി പുതിയ വിഷയങ്ങൾ തെരഞ്ഞെടുക്കണം. ഗുരുവിന്റെ വിദ്യാഭ്യാസ സങ്കൽപത്തിൽ എത്താൻ ഇനിയും നാം എത്ര ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ശുചിത്വപൂർണ്ണമായ സാത്വിക മനസിലേ സാത്വികമായ ഈശ്വരവിശ്വാസമുദിക്കു. ചാത്തൻ ചാമുണ്ഡി, രക്ഷസ് തുടങ്ങിയ ദുർദേവാരാധനയിൽ നിന്നും ദൈവദശകത്തിൽ തൃപ്പാദങ്ങൾ കാട്ടിത്തരുന്ന ദൈവ സ്വരൂപത്തിലെത്തുമ്പോൾ മാത്രമേ ശരിയായ ദൈവഭക്തിയാകു.അങ്ങനെ തെളിഞ്ഞ ദൈവഭക്തിയിലൂടെയാണ് സംഘടനയുടെ മഹത്വം നാമറിയുന്നത്. അങ്ങനെ ഉയർന്നു വന്ന സമൂഹം കൃഷിയെ പ്രോത്സാഹിപ്പിക്കണം.

കൃഷിയാണ് ലോകത്തിന്റെ നട്ടെല്ല് എന്ന് മനസിലാക്കി മുന്നേറണം. നാം എത്ര പരിഷ്‌കൃതി നേടിയാലും കാർഷികവിഭങ്ങൾ ഉല്പാദിപ്പിച്ചില്ലെങ്കിൽ ജീവലോകമല്ലെന്ന് തിരിച്ചറിയണം. വ്യവസായത്തിലൂടെ സാമ്പത്തികമായ പുരോഗതി കൈവരിക്കാനാകു. സ്വന്തം ഭവനത്തിലിരുന്നും തൊഴിൽ ചെയ്ത് ചെറുകിട ഉല്പന്നങ്ങൾ ഉണ്ടാക്കണം. ആരും മടിയന്മാരായിരുന്ന് ഉപജീവിതം നടത്തരുത്. ഇനി ശാസ്ത്രയുഗമാണ്. അമ്പലത്തിൽ തൊഴാൻ പോകുന്നയാൾ അവിടെ നിന്നും ശാസ്ത്ര സാങ്കേതിക വിദ്യകൂടി പഠിയ്ക്കണമെന്ന് പറയാൻ ശ്രീനാരായണ ഗുരുവിനു മാത്രമേ സാധിച്ചിട്ടുള്ളു. വിവേകാനന്ദൻ, മഹാത്മാഗാന്ധി, അംബ്ദേകർ എന്നിവരെക്കാളുമൊക്കെ എത്ര ഉന്നതനായ രാഷ്ട്രമീമാംസകനാണ് ഗുരുദേവനെന്നറിയാൻ അവിടുത്തെ സായാഹ്നഗീതോപദേശകമായ ശിവഗിരി തീർത്ഥാടന സന്ദേശം മാത്രം മതിയാകുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.