കോട്ടയം: പ്ലാസ്റ്റിക് നിരോധനത്തിലൂടെ കേരളം മറ്റൊരു വിപ്ളവത്തിന് തുടക്കം കുറിച്ച് മാസങ്ങൾ കഴിയുംമുമ്പേ വ്യാജന്മാർ രംഗത്തെത്തി.
ഗുണമേന്മയുള്ള പ്ലാസ്റ്റിക്കിന്റെ (കംപോസ്റ്റബിൾ) പേരിലാണ് വ്യാജൻ വിപണിയിലെത്തിയിരിക്കുന്നത്. 'അയാം നോട്ട് പ്ലാസ്റ്റിക് ' എന്ന പ്രഖ്യാപനവുമായിട്ടാണ് നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള സഞ്ചികൾ രൂപവും ഭാവവും മാറ്റി വിപണിയിൽ വാഴുന്നത്. വ്യാപാരികളാവട്ടെ ഇത് വാങ്ങി പഴയതിനെക്കാൾ വേഗത്തിൽ വിപണനവും ആരംഭിച്ചു കഴിഞ്ഞു. തമിഴ്നാട്ടിൽ നിന്നാണ് പുതിയ വ്യാജന്റെ വരവ്. ഇതറിയാതെയാണ് പല വ്യാപാരികളും വില്പന നടത്തുന്നത്. വിവിധ വകുപ്പുകൾ ജില്ലയിൽ പരിശോധന നടത്തുന്നുണ്ടെങ്കിലും ഫലപ്രദമല്ല.
മുദ്ര പോലും വ്യാജം
ഗുണമേന്മയുള്ള പ്ലാസ്റ്റിക് എന്ന് ബാഗുകളിലും മറ്റും മുദ്രണം ചെയ്തിരിക്കുന്നതിനാൽ പലപ്പോഴും അധികൃതർ പരിശോധനയ്ക്ക് മുതിരാറില്ല.
എന്നാൽ സംശയംതോന്നി ഏതാനും കവറുകൾ പരിശോധിച്ചപ്പോഴാണ് ഗുണമേന്മയുടെ തനിനിറം പുറത്തായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഏതാനും കടകളിൽ നിന്ന് ഇത്തരം കവറുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേസ് ഫയൽ ചെയ്തിട്ടില്ലായെന്നാണ് അറിയുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കൂടുതലായും വ്യാജകവറുകൾ എത്തുന്നത്.
ഉത്തരവുണ്ട്, ഉത്തരമില്ല
നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് സഞ്ചികൾ ഉണ്ടാക്കുന്ന സ്ഥാപനം കണ്ണൂരിൽ പ്രവർത്തിച്ചിരുന്നു. ഇത് കണ്ടെത്തി സ്ഥാപനം അധികൃതർ പൂട്ടിയിരുന്നു. ഇപ്പോൾ അടഞ്ഞുകിടക്കുകയാണ് ഈ സ്ഥാപനം. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ളാസ്റ്റിക് നിരോധനത്തോടെ ബദൽ ഉത്പന്നങ്ങൾ ആവശ്യത്തിന് കിട്ടാതായി. അത് മുതലെടുത്താണ് വ്യാജന്മാർ രംഗത്തെത്തിയത്. വ്യാജനെന്ന് സംശയം തോന്നുന്ന ഉത്പന്നങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ്, എൻ.ഐ.ഐ.എസ്.ടി, ഐ.ഐ.എസ്.ടി എന്നിവയുടെ ലാബുകളിൽ പരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടുണ്ട്. തുണിക്കടകളിൽ പ്ളാസ്റ്റിക് കവറുകൾ ഏതാണ്ട് പൂർണമായും ഒഴിവായിട്ടുണ്ട്. പകരം പേപ്പർ കവറുകളും തുണി സഞ്ചികളും വ്യാപകമായിട്ടുണ്ട്. ചെടികൾ വളർത്താൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും നിരോധനം ബാധകമാണ്. എന്നാൽ ഇവയ്ക്ക് പകരക്കാരനായി ഗ്രോ ബാഗുകൾ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇതിലും വ്യാജൻ കടന്നുകൂടിയിട്ടുണ്ട്. ആശുപത്രിമാലിന്യം ശേഖരിക്കാനും തരംതിരിക്കാനും ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളും നിരോധിച്ചിട്ടുള്ളതിൽ ഉൾപ്പെടുന്നു. പല ചെറുകിട ബേക്കറികളും ജ്യൂസ് ഷോപ്പുകളിലും പ്ലാസ്റ്റിക് കലർന്ന സ്ട്രോകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
കോഡിലും കേട്
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിയമമനുസരിച്ച് ബാച്ച് നമ്പർ, നിർമാണ തീയതി, മലിനീകരണ ബോർഡിന്റ അംഗീകാരം, സ്ഥാപനത്തിന്റെ ലൈസൻസ് നമ്പർ എന്നിവ അടങ്ങിയ ക്യൂ.ആർ കോഡ് പ്ലാസ്റ്റിക് ഉത്പന്നത്തിനു മുകളിൽ പതിക്കണമെന്ന് നിർബന്ധമുണ്ട്. എന്നാൽ ഇതെല്ലാം രേഖപ്പെടുത്തിയാണ് തമിഴ്നാട്ടിൽ നിന്ന് വ്യാജനെത്തുന്നുവെന്നത് കുറ്റത്തെ കൂടുതൽ ഗുരുതരമാക്കുന്നു.