ചങ്ങനാശേരി : കേരള സർക്കാരിന്റെ നവകേരളമിഷന്റെ ഭാഗമായുള്ള പദ്ധതികളിൽ പലതും കുറിച്ചി ഗ്രാമപഞ്ചായത്തിൽ ഫലപ്രദമായി നടപ്പാകുന്നില്ലെന്ന് ആക്ഷേപം.

മിഷന്റെ ഭാഗമായുള്ള പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം, ലൈഫ് പദ്ധതി, ആർദ്രം, ഹരിതകേരളം തുടങ്ങിയ പദ്ധതികളാണ് ഫലം കാണാതെ പോകുന്നത്.

ആനക്കുഴി ഉൾപ്പടെയുള്ള പിന്നാക്കപ്രദേശങ്ങളിലെ ബഹുഭൂരിഭാഗം കുട്ടികളും പഠിക്കുന്നത് മലക്കുന്നം ഗവ. എൽ.പി.സ്‌കൂളിലാണ്. എന്നാൽ ഇവിടെ

കുട്ടികൾക്ക് ആവശ്യമായ ബെഞ്ചുപോലുമില്ല എന്നതാണ് സത്യം. സർക്കാർ നിരോധിച്ച ഫിലമെന്റ് ലൈറ്റായിരുന്നു സ്‌കൂളിൽ ഇതുവരെ ഉണ്ടായിരുന്നത്. അടുത്തിടെ ബാലസംഘം വിദ്യാർത്ഥികൾക്കായി സൗജന്യ എൽ.ഇ.ഡി ബൾബ് വിതരണപരിപാടി സംഘടിപ്പിച്ച അവസരത്തിലാണ് ഇത് മാറ്റിസ്ഥാപിച്ചത്. സ്‌കൂളിലെ ഫാനുകൾ അനങ്ങാത്ത അവസ്ഥയിലാണ്.

ആരോഗ്യ കേന്ദ്രത്തിന് തൊണ്ട ഉണങ്ങുന്നു

ചാലച്ചിറയിലെ ഹെൽത്ത് സെന്ററിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുടിക്കാൻ ദാഹജലം പോലുമില്ല. ഗർഭിണികൾക്കും കുട്ടികൾക്കും മതിയായ ശൗചാലയമില്ല. ഇതുകാരണം പ്രതിമാസ കുത്തിവയ്പ്പുകൾ നടത്തുന്നത് പുളിമൂട് നൂറ്റിഅറുപത്തിയഞ്ചാം നമ്പർ അംഗൻവാടിയിലാണ്. ഇവിടെ ഇരിക്കാൻ നല്ല കസേര പോലുമില്ലാത്ത സ്ഥിതിയാണ്. ഉള്ളതാകട്ടെ തുരുമ്പെടുത്ത നിലയിലും. 8, 9, 10, 11, 12, 13 വാർഡുകളിലെ ജനങ്ങളുടെ ആരോഗ്യപരിപാലനം നടത്തേണ്ട ചാലച്ചിറ ഹെൽത്ത് സെന്ററിനെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി ഇത്തിത്താനം വികസന സമിതി ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

 ഒഴുകിയിട്ടും മാലിന്യം ബാക്കി

സംസ്ഥാന സർക്കാർ ജനകീയ പങ്കാളിത്തത്തോടുകൂടി നീർച്ചാലുകളെ സംരക്ഷിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണ് 'ഇനി ഞാൻ ഒഴുകട്ടെ' കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ജനകീയ പങ്കാളിത്തത്തോടുകൂടി പദ്ധതി വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു. എന്നാൽ 2019 ഡിസംബറിൽ കുറിച്ചിയിൽ ഈ പദ്ധതി നടപ്പിലാക്കിയത് ചാലച്ചിറ തോട്ടിലായിരുന്നു. ജനകീയ പങ്കാളിത്തത്തോടുകൂടി ഒരു ലക്ഷം രൂപ വരെ ചെലവഴിച്ച് നടപ്പിലാക്കേണ്ടിരുന്ന പദ്ധതിയായിരുന്നു ഇത്. എന്നാൽ തദ്ദേശവാസികൾ പോലും അറിയാതെ കുറെ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് പദ്ധതി അട്ടിമറിച്ചുവെന്നാണ് പിന്നീട് ഉയർന്ന അക്ഷേപം. വിമർശനങ്ങനെ അതിന്റെ വഴിക്ക് വീട്ടാൽ തന്നെയും ചാലച്ചിറ തോട് ഇപ്പോഴും മാലിന്യവാഹിനിയായി തുടരുന്നുവെന്നതാണ് യാഥാർത്ഥ്യം. ജില്ലാ കളക്ടറുടെ അദാലത്തിൽ ഇത്തിത്താനം വികസന സമിതി ഇക്കാര്യം ശ്രദ്ധിയിൽ കൊണ്ടുവരികയും അതിന്റെ അടിസ്ഥാനത്തിൽ ജലസേചനവകുപ്പിന്റെ ചങ്ങനാശേരി എക്സിക്യുട്ടീവ് എൻജിനീയർ സ്ഥലം സന്ദർശിക്കുകയും വേണ്ട നപടികൾ സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.