പായിപ്പാട്: പായിപ്പാട്ടുകാർ നെട്ടോട്ടത്തിലാണ്,​ ഒരുതുള്ളി വെള്ളത്തിനായി. വേനൽ കൂടുതൽ കടുക്കുമ്പോൾ പായിപ്പാട്ടുകാരുടെ ദുരിതവും കടുക്കും. ജല അതോറിട്ടിയുടെ അനാസ്ഥയും പായിപ്പാട്ടുകാരുടെ ദുരിതത്തിന്റെ ആഴം വർദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസമായി പായിപ്പാട് മേഖലയിൽ ജലക്ഷാമം രൂക്ഷമാണ്. പായിപ്പാട് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ഒരിടത്ത് പോലും ഇപ്പോൾ പൈപ്പ് വെള്ളം എത്തുന്നില്ല എന്നതാണ് വാസ്തവം. ഒപ്പം അറ്റകുറ്റപണിയുടെ അഭാവം മൂലം പല സ്ഥലങ്ങളിലും ജലം പാഴാകുന്നുണ്ട്. കൊച്ചുപള്ളിയിലെ വാട്ടർടാങ്കിന്റെ ചോർച്ചമൂലം ജലം പാഴാകുമ്പോഴും ജലവകുപ്പ് ചങ്ങനാശേരി സബ് ഡിവിഷനിലെ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. പായിപ്പാട് പഞ്ചായത്തിലെ പൗത്തർ കോളനി, അടവിച്ചിറകോളനി, എഴുവന്താനം, മുക്കാഞ്ഞിരം, പാറ, മച്ചിപ്പള്ളി, മാർക്കറ്റ്, പൊടിപ്പാറ, മനയത്തുശേരി കോളനി തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ളം തീർത്തും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൊച്ചുപ്പള്ളി ടാങ്കിലേക്കുള്ള പമ്പിംഗ് ലൈൻ മാറ്റിസ്ഥാപിക്കുന്ന ജോലിയും അനിശ്ചിതമായി നീളുകയാണ്.

അടിയന്തിര നടപടിവേണം

അടിയന്തിരമായി പൈപ്പ് മാറ്റി സ്ഥാപിച്ച് പായിപ്പാട് പ്രദേശത്ത് കുടിവെള്ളം എത്തിക്കാൻ ജലഅതോറിറ്റി നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാകോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സജി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് യോഗം ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ തുമ്പുങ്കൽ, സംസ്ഥാനകമ്മറ്റി അംഗങ്ങളായ ലൂക്കോസ് മാമ്മൻ, വിനുജോബ്, ജെയിംസ് ജോസഫ്, നിയോജകമണ്ഡലം ഭാരവാഹികളായ പി.എസ് ജോസഫ്, എ.എൻ സാബുക്കുട്ടൻ, ലിസിയാമ്മ മാത്യു, ജോസുകുട്ടി പടവുപുരക്കൽ, മണ്ഡലം ഭാരവാഹികളായ അപ്പച്ചൻ കുന്നേപറമ്പിൽ, എം.എം ശശിധരൻ, ഡേവിഡ് ജെയിൻഗാർഡൻസ്, കെ.സി ചാക്കോതോപ്പിൽ, നിഫിൻ കുമ്പുക്കാട്, ടോജികളത്തിപ്പറമ്പിൽ, ജോസുകുട്ടി പോളച്ചിറ, ജോസുകുട്ടി തകിടിയിൽ എന്നിവർ പങ്കെടുത്തു.