കോട്ടയം: ജീവനക്കാർക്ക് ഇടതുസംഘടനാ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ രണ്ടു ദിവസത്തെ സൗജന്യം അനുവദിച്ച് എം.ജി. സർവകലാശാലയുടെ വിചിത്ര ഉത്തരവ് . ജോലി ചെയ്യേണ്ടെന്നും രാവിലെയും വൈകിട്ടും ഹാജർ രേഖപ്പെടുത്തിയാൽ മാത്രം മതിയെന്നും ഭരണ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ ആർ.പ്രേംകുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു.

സർവകലാശാലാ ജീവനക്കാരുടെ രാഷ്ടീയ പ്രവർത്തനത്തെയും ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥർ സംഘടനാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനെയും വിമർശിച്ച് ചാൻസലറായ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ എം.ജി സർവകലാശാലാ ആസ്ഥാനത്തെത്തി വൈസ് ചാൻസലർ അടക്കമുള്ളവർക്ക് മുന്നറിയിപ്പ് നൽകിയതിന് പിറകേയാണ് ഈ വിവാദ നടപടി. ബി.ടെക് ഒരു വിഷയത്തിൽ തോറ്റവർക്ക് നൽകിയ മാർക്കു ദാനം, എം.കോം ഉത്തരക്കടലാസുകൾ രഹസ്യ നമ്പർ ഉൾപ്പെടെ സിൻഡിക്കേറ്റ് അംഗത്തിന് കൈമാറാനുള്ള വൈസ് ചാൻസലറുടെ നിർദേശം തുടങ്ങി, ഒന്നിനു പിറകേ ഒന്നായുള്ള വിവാദങ്ങളിൽ ഏറ്റവും പുതിയതാണ് പൊതുഖജനാവിൽ നിന്ന് പണം പറ്റി സമ്മേളനത്തിൽ പങ്കെടുക്കാൻ ജീവനക്കാർക്കു നൽകിയ അനുമതി.

ഇന്നലെ ആരംഭിച്ച് ഇന്നും തുടരുന്ന എം.ജി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ് വിചിത്ര ഉത്തരവ് ഇറക്കിയത്. ഇ‌ടതു പക്ഷ സംഘടനയാണിത്. വിവാദമായതോടെ അസിസ്റ്റന്റ് രജിസ്ട്രാർ ഇറക്കിയ ഉത്തരവിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് വൈസ് ചാൻസലർ സാബു തോമസ് പ്രതികരിച്ചത് .

സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 18നാണ് എം.ജി സർവകലാശാലാ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അസിസ്റ്റന്റ് രജിസ്ടാർക്ക് കത്തു നൽകിയത്. കത്ത് അംഗീകരിക്കുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സർവകലാശാലയിലെ ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്തു. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി എത്തിയ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലായി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്കൊപ്പം എം.കോം ഉത്തരക്കടലാസുകൾ രഹസ്യ സ്വഭാവം ലംഘിച്ച് പരിശോധിച്ച സിൻഡിക്കേറ്റംഗവും പങ്കെടുക്കുന്നുണ്ട്.