കോട്ടയം: ഓട്ടോഡ്രൈവറെ തടഞ്ഞു നിർത്തി 2000 രൂപ തട്ടിയെടുത്ത ഗുണ്ടാസംഘം, എതിർത്തപ്പോൾ കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. മാങ്ങാനം കൈതേപ്പാലം സ്വദേശിയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായ കെ.എ രതീഷാണ് (38) ആക്രമണത്തിന് ഇരയായത്. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടു മണിയോടെ കോടിമത നാലുവരിപ്പാതയ്‌ക്കു സമീപത്തെ ഇടവഴിയിലായിരുന്നു സംഭവം. നഗരത്തിലെ ഓട്ടോ ഡ്രൈവറും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയുമായ മൊട്ട പ്രകാശിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.
നാലുവരിപ്പാതയ്‌ക്കു സമീപത്തെ ഇടവഴിയിൽ യാത്രക്കാരനെ ഇറക്കിയ ശേഷം മടങ്ങി വരുന്നതിനിടെ നാലംഗ സംഘം രതീഷിനെ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് പോക്കറ്റിൽ നിന്ന് രണ്ടായിരം രൂപ എടുത്തശേഷം പോയ്ക്കോളാൻ പറഞ്ഞു. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് രതീഷ് ഓട്ടോറിക്ഷയിൽ നിന്ന് പുറത്തിറങ്ങി. ഇതോടെ സംഘം കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. ഈ സമയം പിന്നിൽ നിന്ന് കരിങ്കല്ലിന് തലയ്‌ക്കടിക്കുകയും ചെയ്തു. രതീഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റൊരാൾ കല്ലിന് എറിഞ്ഞു വീഴ്‌ത്തി. രക്തം വാർന്ന് റോഡിൽ കിടന്ന രതീഷിനെ നാട്ടുകാരും ഇതുവഴി എത്തിയ ഓട്ടോഡ്രൈവർമാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. . ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്.