പാലാ : സംസ്ഥാനത്ത് കുട്ടികൾക്കെതിരെ വർദ്ധിച്ച് വരുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ തുടക്കം കുറിച്ച 'മാലാഖ' കർമ്മപദ്ധതിയുടെ ജനകീയ ബോധവത്കരണത്തിന്റെ ഭാഗമായി പാലാ സബ് ഡിവിഷൻ തലത്തിൽ റാലിയും സിഗ്‌നേച്ചർ കാമ്പയിനും നടത്തി. മുനിസിപ്പൽ ടൗൺ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാരംഭിച്ച റാലി എസ്.ഐ പി.ജെ.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പാലാ സെന്റ് മേരീസ് എച്ച്.എസ്.എസ്, ഇടമറ്റം കെ.ടി.ജെ.എം ഹൈസ്‌കൂൾ സ്റ്റുഡന്റ്‌സ് പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവർ പങ്കെടുത്തു. ളാലം പാലം ജംഗ്ഷനിൽ നടന്ന സിഗ്‌നേച്ചർ കാമ്പയിൻ ജനറൽ ആശുപത്രി ആർ.എം.ഒ ഡോ.അനീഷ് കെ. ഭദ്രൻ ഉദ്ഘാടനം ചെയ്തു. മഹാത്മഗാന്ധി ഗവ.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.എൻ വിഷ്ണു, എസ്.ഐ.മാരായ ഷാജി സെബാസ്റ്റ്യൻ, ഹാഷിം ജനമൈത്രി സി.ആർ.ഒ ബിനോയി തോമസ് എന്നിവർ പ്രസംഗിച്ചു.