കോട്ടയം: ദരിദ്ര കുടുംബത്തിന് വീടു നിർമ്മിച്ചു നൽകാനുള്ള ശ്രമം തടഞ്ഞ ഡി.വൈ.എഫ്.ഐ പ്രവർത്തകർ, നിർമ്മാണ സാമഗ്രികളുമായി എത്തിയ ലോറിയുടെ ഡ്രൈവറെ ആക്രമിച്ചു. സംഭവത്തിൽ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി മേമുറി തിരുവൻമൂലയിൽ ആദർശ് (21), പ്രവർത്തകരായ വാടമുറിക്കൽ അരുൺ (35), പുത്തേറ്റുപറമ്പിൽ അക്ഷയ്‌കുമാർ (21), പറക്കാട്ടുകുഴിയിൽ സിനിലാൽ (30) എന്നിവരെ കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്‌തു. കടുത്തുരുത്തി മാൻവെട്ടം മേമുറി ചോകോംപറമ്പിൽ ദീപാമോൾക്ക് വീട് നിർമ്മിച്ചു നൽകാനുള്ള ഏറ്റുമാനൂർ അർച്ചന വിമൻ സെന്ററിന്റെ ശ്രമമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത്. ലോറി ഡ്രൈവർ നമ്പ്യാകുളം പണിക്കരേടത്ത് ജിബിനാണ് (21) ആക്രമണത്തിനിരയായത്.
അതീവ ദുരിതത്തിൽ കഴിഞ്ഞിരുന്ന ദീപമോളുടെ അവസ്ഥ മനസിലാക്കി സന്നദ്ധ സംഘടന വീട് നിർമ്മിച്ചു നൽകാമെന്നേറ്റു. എന്നാൽ അയൽക്കാരായ ആദർശിന്റെ കുടുംബം വഴിത്തർക്കത്തിന്റെ പേരിൽ വീട് നിർമ്മാണ സാമഗ്രികളുമായി എത്തിയ ലോറി തടയുകയും ഡ്രൈവറെ മർദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.