കോട്ടയം: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർദേശിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2020-21 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാലിന്യ വിമുക്ത കോട്ടയം എന്ന ആശയത്തിലൂന്നി ജില്ലാ പഞ്ചായത്ത് നടപ്പാക്കാനുദേശിക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ തോമസ് ചാഴികാടൻ എം.പി പറഞ്ഞു.

സമൂഹത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി ജനപങ്കാളിത്തോടെയാകണം വികസനപദ്ധതികൾ ആവിഷ്‌കരിക്കേണ്ടതെന്ന് വികസന സന്ദേശം നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.

കാൻസർ വിമുക്ത കോട്ടയം ലക്ഷ്യമാക്കി നടപ്പാക്കാനുദ്ദേശിക്കുന്ന കാൻ കോട്ടയം ഫിറ്റ് കോട്ടയം പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് കരട് പദ്ധതി രേഖ പ്രകാശനം നിർവഹിച്ച അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, മാഗി ജോസഫ്, പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസിമോൾ മനോജ്, സണ്ണി പാമ്പാടി, ബെറ്റി റോയ് മണിയങ്ങാട്ട്, മേരി സെബാസ്റ്റ്യൻ, കെ.കെ. രഞ്ജിത്ത്, പി. സുഗതൻ, കല മങ്ങാട്ട്, അനിതാ രാജു, ജയേഷ് മോഹൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടെസ് പി.മാത്യു, സെക്രട്ടറി മേരി ജോ, ജോഷി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.