ഈരാറ്റപേട്ട : വേനൽ കടുത്തതോടെ സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലനാട്ടിൽ

കുടിവെള്ളക്ഷാമം രൂക്ഷമായി. ഒരിറ്റ് വെള്ളത്തിനായി ജനം പരക്കം പായുമ്പോൾ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ശുദ്ധജലപദ്ധതികൾ നോക്കുകുത്തിയാകുകയാണ്. നിത്യാവശ്യത്തിനുള്ള വെള്ളം ഭീമമായ തുക നൽകി വാങ്ങുന്നവരുമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇത് താങ്ങാവുന്നതല്ല. പലരും കിലോമീറ്ററുകൾ നടന്ന് വെള്ളം തലച്ചുമടായി കൊണ്ടുവരികയാണ്. വേനൽ എത്തുന്നതോടെ പല കുടുംബങ്ങളും മറ്റു ദിക്കുകളിലേക്കു പലായനം ചെയ്യുന്നതും പതിവ് കാഴ്ചയാണ്.

33 വർഷം മുൻപ് കമ്മിഷൻ ചെയ്ത കുടിവെള്ള പദ്ധതിയുടെ പ്രയോജനം പത്ത് വർഷമായി പഞ്ചായത്തിലെ 50 ശതമാനം കുടുംബങ്ങൾക്കും ലഭിക്കുന്നില്ല. പൈപ്പ് ലൈൻ സ്ഥാപിച്ചതിലെ അപാകതയാണ് ഇതിന് കാരണമായി പറയുന്നത്. തലനാട് ടൗണിൽ നിന്ന് 3000 അടി താഴെ സ്ഥിതി ചെയ്യുന്ന അളിഞ്ഞിക്കയത്തിൽ നിന്ന് ഒരു കിലോമീറ്റർ ഉയരത്തിലുള്ള ഒന്നാം മൈലിൽ പണി കഴിപ്പിച്ചിട്ടുള്ള 50000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ നിന്നായിരുന്നു വെള്ളം എത്തിച്ചിരുന്നത്. തലനാട് നോർത്ത്, ജൂബിലി റോഡ് ചേരിപ്പാട് പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് അയ്യമ്പാറയിലെ ടാങ്കിൽ നിന്നാണ്. ടൗൺ ഭാഗത്തും ബാലവാടി ഭാഗത്തും വെള്ളം എത്തിയിട്് ഒരു പതിറ്റാണ്ടിന് മുകളിലായി.

 പ്രശ്‌ന പരിഹാരം ഇങ്ങനെ
പഞ്ചായത്തിന് മുന്നിലൂടെ സ്ഥാപിച്ചിട്ടുള്ള ടൗൺ, ബാലവാടി ലൈൻ പഞ്ചായത്തിന് മുമ്പിൽ കട്ട് ചെയ്ത് 50 മീറ്റർ അടുത്തു സ്ഥിതി ചെയ്യുന്ന മെയിൻ ടാങ്കിൽ നിന്ന് പുതിയ ലൈൻ വലിച്ച് രണ്ടാക്കി കട്ട് ചെയ്ത് ലിങ്കുചെയ്താൽ പ്രശ്‌ന പരിഹാരമാകും.