പൊൻകുന്നം : മിനിസിവിൽ സ്റ്റേഷനിലെ കുടിവെള്ളക്ഷാമത്തിന് താത്കാലിക പരിഹാരം. പ്രാഥമിക കൃത്യനിർവഹണത്തിന് വരെ വെള്ളം വിലകൊടുത്ത് വാങ്ങി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലേക്ക് കുഴൽക്കിണർ നന്നാക്കി വെള്ളമെത്തിച്ചു. കൂടാതെ തൊട്ടടുത്തുള്ള വിദ്യാഭ്യാസ ഓഫീസിലെ കിണറ്റിൽ നിന്ന് പമ്പുചെയ്ത് വെള്ളമെത്തിക്കാനും തുടങ്ങി. ലീഗൽ സർവീസ് അദാലത്തിൽ കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് പി.യു.സി.എൽ ജില്ലാ ജനറൽ സെക്രട്ടറി എച്ച്.അബ്ദുൽ അസ്സീസ് പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. ദേശീയപാതയുടെ അടിയിലൂടെ എച്ച്.ഡി.ഡി ലൈൻ വലിക്കാൻ അനുമതി നൽകാമെന്ന് ദേശീയപാത അസി.എൻജിനിയർ സമ്മതിച്ചിട്ടുണ്ടെന്ന്

പൊതുമരാമത്ത് കെട്ടിട വിഭാഗം അസി.എൻജിനിയർ മനീഷ് കോടതിയെ അറിയിച്ചു. എന്നാൽ വാട്ടർഅതോറിട്ടി അധികാരികൾ ഇക്കാര്യത്തിൽ അപേക്ഷ നൽകിയിട്ടില്ലെന്നും കിട്ടിയാലുടൻ അംഗീകാരം നൽകുമെന്നും ദേശീയപാതയ്ക്കായി ഗവ.പ്ലീഡർ അഡ്വ.ഡി.മുരളീധർ അറിയിച്ചു. ഹാജരാകാത്ത വാട്ടർഅതോറിട്ടി ഉദ്യോഗസ്ഥർ മാർച്ച് 11ന് വിശദീകരണം നൽകാൻ അദാലത്ത് കോടതി ഉത്തരവിട്ടു.