കോട്ടയം: പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിൽ ബിരുദ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്‌തതായി പരാതി. മർദ്ദനമേറ്റ വിദ്യാർത്ഥികളെ ബൈക്കിന്റെ സൈലൻസറിൽ ഇരുത്തി പൊള്ളിച്ചതായും പരാതിയിൽ പറയുന്നു. കോളേജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് റാഗിങ്ങിന് ഇരയായ വിദ്യാർത്ഥികൾ ചിങ്ങവനം പൊലീസിൽ പരാതി നൽകി. ഒന്നാം വർഷ ബി.കോം വിദ്യാർത്ഥികളായ കുമ്മനം സ്വദേശികളാണ് റാഗിങ്ങിന് ഇരയായത്.
കഴിഞ്ഞ 24നായിരുന്നു സംഭവങ്ങൾ. കോളേജിലേയ്‌ക്കുള്ള വഴിയിൽ വിദ്യാർത്ഥികളെ തടഞ്ഞു നിറുത്തിയ സംഘം ഇവരെ മർദ്ദിച്ചെന്നും കൂടാതെ ബൈക്കിന്റെ സൈലൻസറിൽ ബലമായി ഇരുത്തിയെന്നുമാണ് പരാതി. മർദ്ദനമേറ്റു വീണ ഇവരുടെ ബൈക്കുകൾ സമീപത്തെ പുരയിടത്തിലേയ്‌ക്കു തള്ളി. ബൈക്ക് എടുക്കാൻ ശ്രമിച്ചെങ്കിലും ഇരുവരെയും മർദിച്ച് ഓടിച്ചു. രാത്രിയിൽ ബന്ധുക്കളോടും, സുഹൃത്തുക്കളോടും ഒപ്പം എത്തിയാണ് യുവാക്കൾ ബൈക്ക് കൊണ്ടു പോയത്. പിറ്റേന്ന് തന്നെ കോളേജ് അധികൃതർക്ക് വിദ്യാർത്ഥികൾ പരാതി നൽകിയെങ്കിലും നടപടികളൊന്നുമെടുത്തില്ലെന്നാണ് ആരോപണം. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.