കോട്ടയം: അക്രമി ഗുണ്ടാ സംഘം, വീട്ടിലെത്തി കത്തികാട്ടി യുവതിയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഏറ്റുമാനൂർ വടക്കേനടയിൽ താമസിക്കുന്ന കുടുംബത്തിലെ യുവതിയ്‌ക്കാണ് കഴിഞ്ഞ ദിവസം ഭീഷണി ഉണ്ടായത്. വൈകിട്ട് നാലു മണിയോടെ വീട്ടിലേയ്ക്കു എത്തിയ യുവാവ്, യുവതിയുടെ പേര് ചോദിച്ചു. തുടർന്ന് യുവതിയെ പുറത്തേയ്ക്കു വിളിച്ചു വരുത്തിയ ശേഷം ഭീഷണി മുഴക്കുകയായിരുന്നു. കൊല്ലുമെന്നും താൻ പറയുന്നത് അനുസരിക്കണമെന്നുമായിരുന്നു ഭീഷണി. അരമണിക്കൂറിനു ശേഷം മറ്റൊരു യുവാവും എത്തി സമാന രീതിയിൽ ഭീഷണി മുഴക്കി. രാത്രി മടങ്ങിയെത്തുമെന്നും യുവതിയെ കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. ഇതോടെ ഭയന്നു പോയ യുവതിയും കുടുംബവും ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.