ചങ്ങനാശേരി: ശ്രീനാരായണ ഗുരുദേവൻ വിശ്വത്തിന്റെ മഹാപ്രവാചകനാണെന്ന് ശിവഗിരി മഠം സന്ന്യാസിശ്രേഷ്ഠനും ചാലക്കുടി മഠാധിപതിയുമായ സ്വാമി സച്ചിദാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 774ാം നമ്പർ മാടപ്പള്ളി ശാഖയിൽ നടന്നു വരുന്ന ദിവ്യപ്രബോധന ധ്യാനയജ്ഞത്തിന്റെ ഭാഗമായി നടന്ന ശ്രീനാരായണ വിശ്വസന്ദേശത്തിന്റെ ശതാബ്ദി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ. ശാഖാ പ്രസിഡന്റ് സി.ആർ സന്ദീപ് അദ്ധ്യക്ഷതവഹിച്ചു സ്വാമി അസ്പർശാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ധ്യാന സന്ദേശം നല്കി. ഗുരുദർശന രഘന, ചന്ദ്രൻ പുളിങ്കുന്ന്, ശാഖാ സെക്രട്ടറി എസ്. പ്രമോദ്, മുരളി പുളിമൂട്ടിൽ എന്നിവർ പങ്കെടുത്തു.
ശ്രീനാരായണ ഗുരുവിന്റെ തത്വദർശനം ഒരു ഏകലോക ദർശനമാണ്. ജാതി, മതം, ദേശം, വർണ്ണം, വർഗം, തുടങ്ങിയ വിഭിന്ന ചിന്താഗതികളെ ഇല്ലാതാക്കി ഏകത്വബോധത്തിലേക്ക് സമൂഹത്തെ നയിക്കുക എന്ന അവതാര കൃത്യമാണ് ഗുരുവിലൂടെ നിർവഹിക്കപ്പെട്ടത്. തത്ത്വദർശനത്തിന്റെ ആവിഷ്‌കാരത്തിൽ മനുഷ്യന് ഇത്രയേറെ പ്രാധാന്യം നൽകിയ മറ്റൊരു മഹാത്മാവിനെ കാണാൻ ആകില്ല. ഗുരുവിനെ സംബന്ധിച്ച് മതവും തത്ത്വവും ദർശനവുമെല്ലാം മനുഷ്യനുവേണ്ടി മാത്രമായിരുന്നു. ഗുരു പറഞ്ഞ അഷ്ടവിഷയങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നുവെന്നാണ് കഴിഞ്ഞ ഒരു സമ്മേളനത്തിൽ ഒരു വിദ്യാഭ്യാസ വിചക്ഷണൻ പറഞ്ഞത്. അത് ശരിയല്ല, ഗുരു പറഞ്ഞതെല്ലാം കാലാനുവർത്തിയാണ്. ശ്രീനാരായണ ഗുരു അദ്വൈതവേദാന്തിയായിരുന്നു.അദ്വൈതത്തിന് ഭാഷ്യം ചമച്ച ശ്രീശങ്കരാചാര്യർ പ്രകരണ ഗ്രന്ഥമായ വിവേകചൂഢാമണിയിൽ ആദ്യം തന്നെ ഈ അദ്വൈത ദർശനത്തിന്റെ അധികാരി ആരെന്ന് ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ജന്തുക്കൾക്ക് മനുഷ്യ ജന്മം കിട്ടുക എന്നത് ദുഷ്‌കരമാണ്. മനുഷ്യജന്മം കിട്ടിയാൽ മാത്രം പോര പുരുഷനായി ജനിക്കണം. പുരുഷനായി ജനിച്ചാൽ മാത്രം പോരാ ബ്രാഹ്മണനായി ജീവിക്കണം. അതു മാത്രം പോര വിദ്യാൻ ആയിരിക്കണം. ആത്മനാ വിവേചനവും ജീവാത്മപരമാത്മ ഐക്യവും മോക്ഷവും ശതകോടി ജന്മങ്ങളിൽ ചെയ്ത സുകൃതം കൊണ്ട് മാത്രമേ ലഭിക്കുകയുള്ളുവെന്ന് ശ്രീ ശങ്കരൻ സിദ്ധാന്തിക്കുന്നു. ഇവിടെ മനുഷ്യനെന്ത് പ്രാധാന്യം എന്ന് നാം ചിന്തിക്കണം. ശ്രീനാരായണ ഗുരുവാകട്ടെ ആത്മോപദേശശതകത്തിൽ, അറിവതിങ്ങനെയാർക്കു മോതിടേണം എന്ന് ഉപദേശിക്കുന്നു. ജാതിയോ മതമോ സ്ത്രീപുരുഷഭേദമോ ഒന്നും തന്നെ യോഗ്യതയായി ഗുരു നിർദേശിക്കുന്നില്ല. മറിച്ച് വാസനയും യോഗ്യതയുമുള്ള ഏതൊരാൾക്കും അദൈത്വവേദാന്ത ദർശനത്തിന് അധികാരിയാണെന്ന് ഗുരുദേവൻ ഉപദർശനം ചെയ്യുന്നു. ഗുരു മനുഷ്യത്വത്തിനാണ് പരമപ്രാധാന്യം നല്കുന്നത്. ഗുരുദേവന്റെതായി പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള സൂക്തങ്ങളുടെയെല്ലാം നെടുകായത്വം വഹിക്കുന്നത് മനുഷ്യൻ എന്ന പദമാണ്. മനുഷ്യ നിഷ്ഠമായ തത്വദർശനം ചമച്ചു എന്നത് ശ്രീനാരായണ ഗുരുവിനെ അനുപമേയനാക്കുന്നു.