വൈക്കം : ഒൻപത് നില തേര് നിർമ്മിച്ച് അതിനു മുകളിൽ ഭഗവതിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് ഇടയാഴം പൂങ്കാവ് ദേവീ ക്ഷേത്രത്തിലെ കുംഭഭരണിഉത്സവം. കേരളത്തിൽ മറ്റെങ്ങുമില്ലാത്ത ആചാരനുഷ്ഠാനമാണിത്. പൂങ്കാവ് ക്ഷേത്രത്തിലെ പ്രത്യേകതയാണ് തേരൊരുക്കി ഉത്സവം ആഘോഷം.
ഇടയാഴം 1131 ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രത്തിൽ കരക്കാരുടെ കൂട്ടായ്മയിലാണ് തേര് നിർമ്മിക്കുന്നത്. തേക്കിൻ കഴകൾ നിരത്തിയാണ് തേര് നിർമ്മിച്ചത്. ഒൻപതാം നിലയിൽ ശ്രീകോവിൽ മാതൃകയൊരുക്കി ഭഗവതിയെ പ്രതിഷ്ഠിക്കുന്നതാണ് പ്രധാന ചടങ്ങ്. വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വാരനാട്ട് ദേവിയും കിഴക്ക് ഭാഗത്ത് പൂങ്കാവ് ഭഗവതിയും കുടികൊള്ളുന്നു എന്നതാണ് വിശ്വാസം.
വേമ്പനാട്ട് കായലിന്റെ ഇരുകരകൾക്കും അഭിമുഖമായാണ് ദേവിമാരുടെ പ്രതിഷ്ഠ. കരക്കാർ വഴിപാടായി സമർപ്പിക്കുന്ന നൂറ് കണക്കിന് വാഴക്കുലകൾ കെട്ടി നിരത്തി അലങ്കാരങ്ങൾ ഒരുക്കിയാണ് തേര് വർണാഭമാക്കുന്നത്. 30 മീറ്റർ ഉയരത്തിൽ നിർമ്മിച്ച തേരിന് വർണദീപങ്ങളുടെ പ്രഭ ദൃശ്യഭംഗിയയിരുന്നു.
താലപ്പൊലി, ഗരുഡൻ തൂക്കം, ഓട്ടൻതുള്ളൽ എന്നിവ ആഘോഷത്തിന്റെ ഭാഗമാണ്. ക്ഷേത്രം മേൽശാന്തി ശ്രീനിവാസൻ എമ്പ്രാൻ ദേവിയുടെ വിഗ്രഹം തേരിൽ പ്രതിഷ്ഠിച്ചു. കരയോഗം പ്രസിഡന്റ് ജഗദീഷ് കുമാർ, സെക്രട്ടറി രാമചന്ദ്രൻ നായർ, ദേവസ്വം പ്രസിഡന്റ് ആശാലയം ചന്ദ്രശേഖരൻ, സെക്രട്ടറി ഗിരീഷ് എന്നിവർ നേതൃത്വം നൽകി.