വൈക്കം : വിദ്യാഭ്യാസ മേഖലയിൽ ഹൈടെക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികളിൽ നിന്നും ഡെസ്‌കും ബെഞ്ചും മാറ്റി പകരം ജഫേഴ്‌സൺ ചെയറുകളുടെ സംവിധാനം വന്നു. ഇനി കുട്ടികൾക്ക് കസേരകളിൽ ചാരിയിരുന്ന് പഠനം നടത്താം. വെച്ചൂർ ഗവ. ഹൈസ്‌കൂളിലാണ് ഈ പുത്തൻമാറ്റം വന്നത്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ജഫേഴ്‌സൺ ചെയറുകളുടെ സംവിധാനം ഒരുക്കിയത്. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. കെ. രഞ്ജിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു അജി, സന്ധ്യ അനീഷ്, ടി. എം. അശ്വതി, പി. ടി. എ. പ്രസിഡന്റ് കെ. എ. അമീർ, ഹെഡ്മിസ്ട്രസ് എം. പി. ബീന എന്നിവർ പ്രസംഗിച്ചു.