കോട്ടയം: മദ്യപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയ്‌ക്കു ഇരട്ട ജീവപര്യന്തം. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും, മറ്റു രണ്ടു വകുപ്പുകളിലായി ഏഴും അഞ്ചു വർഷം കഠിനതടവുമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിക്കണമെന്നു കോടതി നിർദേശിച്ചിട്ടില്ല. ഇതിനാൽ ഫലത്തിൽ രണ്ടു ജീവപര്യന്തമാകും.
അയർക്കുന്നം അമയന്നൂർ മഹാത്മാകോളനിയിൽ തങ്കച്ചന്റെ മകൻ രാജേഷിനെ (40) തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഇടുക്കി രാജാക്കാട് പൊൻമുടി കളപ്പുരയ്‌ക്കൽ ജോമോനെ (29)യാണ് അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി വി.ബി സുജയമ്മ ശിക്ഷിച്ചത്.
ഐ.പി.സി 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവും അരലക്ഷം രൂപയുമാണ് പിഴ. പിഴ അടിച്ചെങ്കിൽ ആറു മാസം തടവ് അനുഭവിക്കണം. ഐ.പി.സി 392 പ്രകാരം മോഷണത്തിന് അഞ്ചു വർഷം കഠിനതടവും 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ അഞ്ചു മാസം കഠിന തടവ് അനുഭവിക്കണം. ഐ.പി.സി 397 പ്രകാരം റോബറിയ്ക്ക് ഏഴു വർഷം കഠിന തടവ് അനുഭവിക്കേണ്ടി വരും. 2015 ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. നാഗമ്പടം ബസ് സ്റ്റാൻഡിൽ ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ തങ്കച്ചനെ ജോമോൻ കല്ലിനിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അന്ന് ഈസ്റ്റ് സി.ഐ ആയിരുന്ന എ.ജെ തോമസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ കേസിൽ 23 സാക്ഷികളും, 29 പ്രമാണങ്ങളും പത്ത് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ഗിരിജാ ബിജു കോടതിയിൽ ഹാജരായി.
കേസിന്റെ വിചാരണയുടെ ആദ്യ ഘട്ടം മുതൽ തന്നെ പ്രതി ജോമോൻ അക്രമാസക്തനായിരുന്നു. കേസിന്റെ വിധി പ്രഖ്യാപിക്കാനിരുന്ന ദിവസം വിലങ്ങ് അണിയാൻ വിസമ്മതിച്ച പ്രതി, ജയിലിൽ നിന്നും ഇറങ്ങാൻ തയ്യാറായില്ല. ഇതോടെ വിചാരണ മുടങ്ങിയിരുന്നു. ഇന്നലെ രാവിലെയും പ്രശ്‌നമുണ്ടാക്കിയ പ്രതിയെ ബലം പ്രയോഗിച്ചാണ് കോടതിയിൽ എത്തിച്ചത്. കേസിൽ ശിക്ഷിച്ചതിനെ തുടർന്ന് ജോമോനെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു അയച്ചെങ്കിലും, വിയ്യൂരിലേയ്ക്കു പോകണെന്നാവശ്യപ്പെട്ട് ഇയാൾ ബഹളമുണ്ടാക്കി. തുടർന്ന്, പൊലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കൊണ്ടു പോയത്.
ഇരട്ടഹാട്രിക്കിൽ പ്രോസിക്യൂഷനും
അന്വേഷണ സംഘവും
കോട്ടയം: കൊലക്കേസ് അന്വേഷണത്തിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അപൂർവ മികവുമായി സി.ഐ എ.ജെ തോമസും സംഘവും. എ.ജെ തോമസും, പ്രോസിക്യൂട്ടർ ഗിരിജാ ബിജുവും അടങ്ങുന്ന ടീം കൊലക്കേസുകളിൽ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിച്ച് ഇരട്ട ഹാട്രിക്കിന്റെ മികവിലാണ് എത്തി നിൽക്കുന്നത്. നാഗമ്പടത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ശിക്ഷിച്ചത് കൂടി പുറത്ത് വന്നതോടെ, തുടർച്ചയായ ആറാമത് കേസിലാണ് ഇപ്പോൾ പ്രതികൾക്കു ശിക്ഷ വാങ്ങി നൽകിയിരിക്കുന്നത്.