kuthiyottam

വൈക്കം : വണികവൈശ്യസംഘത്തിന്റെ കുംഭകുട കുത്തിയോട്ടം ഇന്ന് വൈകിട്ട് 3ന് കിഴക്കേനട മൂത്താരമ്മൻ കാവിൽ നിന്നും ആരംഭിക്കും. മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് മുന്നോടിയായി വൈക്കം വണിക വൈശ്യ സംഘം 27-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന ഊരുചു​റ്റ് കുംഭകുടത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് കുത്തിയോട്ടം നടത്തുക. കുംഭ ഭരണിക്ക് 9 ദിവസം മുൻപ് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തിയ ശേഷം ഊര് ചു​റ്റുന്ന കുംഭകുടം ഭരണി ദിനത്തിൽ മുത്തേടത്തുകാവ് ദേവിക്ക് സമർപ്പിക്കും. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൈകിട്ട് നടതുറക്കുന്ന സമയത്ത് കുത്തിയോട്ട കുംഭകുടക്കാർ ക്ഷേത്രത്തിലെത്തി ദർശനം നടത്തും. തെക്കെനടയിലെ കാഞ്ഞിരചുവട് റോഡിൽ വച്ച് കുത്തിയോട്ടത്തിൽ പങ്കെടുക്കുന്നവർ ആചാരപ്രകാരം ചൂണ്ട കൊളുത്തും. തുടർന്ന് താളമേളങ്ങളുടെയും ദേവീ സ്തുതിഗീതങ്ങളുടെയും ഒപ്പം കുത്തിയോട്ടക്കാരും കുംഭകുടം എടുത്തവരും ചുവടുവച്ച് നിറഞ്ഞാടും. മൂത്തേടത്തുകാവിൽ ദേവിയുടെ പ്രതിപുരുഷനായ കോമരം ഉറഞ്ഞു തുള്ളി കുത്തിയോട്ടക്കാരെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ക്ഷേത്രത്തിലെത്തുമ്പോൾ ഭഗവതി ആനപ്പുറത്തെഴുന്നള്ളി എതിരേൽക്കും. രാത്രിയിൽ നടക്കുന്ന ഗുരുതിക്ക് കുത്തിയോട്ടത്തിനൊപ്പമുള്ള കുംഭങ്ങളിൽ കൊണ്ടുവരുന്ന ഗുരുതിയാണ് ഉപയോഗിക്കുക.