പാലാ : കുരുന്നുകൾക്കിനി ചൂടത്തിരിക്കേണ്ട. ആശങ്കകൾക്കൊടുവിൽ നെല്ലിയാനി അങ്കണവാടിയിൽ ഇന്നലെ കറണ്ട് എത്തി. വയറിംഗ് കഴിഞ്ഞിട്ട് നാളുകളായെങ്കിലും അങ്കണവാടിയിൽ കറണ്ട് കിട്ടാത്തതുമൂലം കൊടുംചൂടിൽ കുട്ടികളും, ജീവനക്കാരും വലയുന്ന കാര്യം കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മുത്തോലി പഞ്ചായത്ത് അധികൃതർ പ്രശ്‌നത്തിലിടപ്പെട്ടു. ഇന്നലെ ഉച്ചയോടെ കെ.എസ്.ഇ.ബി ജീവനക്കാരെത്തി കണക്ഷൻ നൽകി. എന്നാൽ ഇന്നലെ കണക്ഷൻ കിട്ടുമെന്ന് ഉറപ്പില്ലാതിരുന്നതിനാൽ മാതാപിതാക്കൾ കുട്ടികളെ അങ്കണവാടിയിലേക്ക് അയച്ചിരുന്നില്ല. 15 കുട്ടികളാണിവിടെയുള്ളത്. പകൽച്ചൂട് കൂടിതോടെ അങ്കണവാടിയിൽ വരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞിരുന്നു. നെല്ലിയാനിയ്‌ക്കൊപ്പം പടിഞ്ഞാറ്റിൻകര തിരുവേലിക്കൽ അങ്കണവാടിയിലും, പടിഞ്ഞാറ്റിൻകര നാഷണൽ ലൈബ്രറിയ്ക്കും വൈദ്യുതി കണക്ഷൻ കിട്ടിയിരുന്നില്ല. ഇന്നോ നാളെയോ ഇവിടെയും കണക്ഷൻ കൊടുക്കുമെന്ന് മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം പറഞ്ഞു.