കോട്ടയം : ചട്ടമ്പിസ്വാമികൾക്ക് ജന്മനാടായ തിരുവനന്തപുരത്ത് പത്മതീർത്ഥക്കരയിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം നിർമ്മിക്കുന്ന സ്മാരകത്തിന്റെ ശിലാഫലക രഥയാത്ര വാഴൂർ തീർത്ഥപാദാശ്രമത്തിൽ നിന്നാരംഭിക്കും. മാർച്ച് 3 ന് ഉച്ചയ്ത്ത് 12.30 ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഫ്ലാഗ് ഒഫ് ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു അദ്ധ്യക്ഷത വഹിക്കും. ഡോ.എൻ.ജയരാജ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമികല്ലാനി എന്നിവർ പ്രസംഗിക്കും. രഥയാത്രയ്ക്ക് തിരുനക്കര, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകും. സ്വാമി പ്രജ്ഞാനന്ദ തീർത്ഥ പാദരുടെ നേതൃത്വത്തിലുള്ള ഘോഷയാത്ര കോട്ടയം ,എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും ശിവഗിരിമഠം, പാറശാല, നെയ്യാറ്റിൻകര, കണ്ണമ്മൂല എന്നിവിടങ്ങളിലെ സ്വീകരണത്തിനും ശേഷം മാർച്ച് 10ന് തീർത്ഥപാദ മണ്ഡപത്തിൽ സമാപിക്കും. വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, എ.കെ.ബാലൻ, ശശിതരൂർ എം.പി തുടങ്ങിയവർ പ്രസംഗിക്കും. 15 കോടി രൂപ ചെലവഴിച്ച് പരിസ്ഥിതി സൗഹൃദമായി നിർമ്മിക്കുന്ന സ്മാരകത്തിന്റെ ആർക്കിടെക്ടർ ജി.ശങ്കറാണ്. സംഘാടകസമിതി സംസ്ഥാന കൺവീനർ അയർക്കുന്നം രാമൻ നായർ, സ്വാമി അഭയാനന്ദ തീർത്ഥപാദർ, ജനറൽ കോ-ഓർഡിനേറ്റർ പി.കെ.ആനന്ദക്കുട്ടൻ, കൺവീർ ടി.ആർ. ശ്രീകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.