pennama

ചങ്ങനാശേരി: റോഡരികിലിരുന്ന 102 കാരിയ്ക്ക് മിനി ലോറി ഇടിച്ച് ദാരുണാന്ത്യം. മാടപ്പള്ളി ഇടപ്പള്ളി കോളനി ബ്‌ളോക്ക് നമ്പർ 76 ൽ പരേതനായ ചന്ദ്രൻകുട്ടിയുടെ ഭാര്യ പെണ്ണമ്മയാണ് മരിച്ചത്. ഇന്നലെ രാവിലെ 11.15 ഓടെ മാമ്മൂട് വെങ്കോട്ട റോഡിൽ പഴയ ആശുപത്രിപ്പടി ജംഗ്ഷനിലായിരുന്നു സംഭവം. ആശുപത്രിപ്പടി ജംഗ്ഷനിൽ നിന്നും ശാന്തിപുരത്തേക്കുള്ള റോഡരികിൽ ഇരിക്കുകയായിരുന്നു പെണ്ണമ്മ. മാമ്മൂട് ഭാഗത്തു നിന്നും എത്തിയ പാചക വിതരണ മിനി ലോറി ശാന്തിപുരം റോഡിലേക്ക് തിരിഞ്ഞപ്പോൾ പെണ്ണമ്മയെ ഇടിക്കുകയായിരുന്നു. ഇടിയേറ്റ് മുന്നോട്ടു മറിഞ്ഞുവീണ പെണ്ണമ്മയുടെ തലയിലൂടെ മിനിലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. തൃക്കൊടിത്താനം പൊലീസ് എത്തിയശേഷമാണ് മൃതദേഹം റോഡിൽ നിന്ന് മാറ്റിയത്. പതിവായി അയൽപക്കത്തെ വീട്ടിൽ പോയിരുന്ന പെണ്ണമ്മ പ്രായാധിക്യത്താൻ കുറച്ചു നടന്നു കഴിഞ്ഞാൽ റോഡരികിൽ ഇരുന്നു വിശ്രമിക്കുക പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. മിനിലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടപ്പള്ളി പൊതു ശ്മശാനത്തിൽ നടക്കും. മക്കൾ: ജോൺ, മറിയാമ്മ, പരേതരായ കുഞ്ഞൂഞ്ഞ്, തങ്കച്ചൻ, മത്തൻ. മരുമക്കൾ: മേരി, പരേതനായ ജോൺ, കുഞ്ഞമ്മ.