പാലാ : ചരിത്രപ്രസിദ്ധമായ വള്ളിച്ചിറ പിഷാരുകോവിൽ ദേശവിളക്ക് ഇന്ന് നടക്കും. രാത്രി 7 ന് ക്ഷേത്രം മേൽശാന്തി എം.എസ്.അനീഷ് ദേശവിളക്കിന്റെ ആദ്യദീപം തെളിക്കും. തുടർന്ന് നൂറുകണക്കിന് വോളന്റിയർമാരും ഭക്തരും ചേർന്ന് മറ്റുവിളക്കുകൾ ഒന്നൊന്നായി തെളിയിക്കുന്നതോടെ പിഷാരുകോവിൽ ക്ഷേത്രാങ്കണം ദീപക്കടലായി മാറും.

പതിനെട്ടുപടികളോടുകൂടിയ ശബരിമല സന്നിധാനം മൺചിരാതുകളിൽ തെളിയുന്ന അത്ഭുതദൃശ്യമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. സന്നിധാനത്തിന്റെ മാതൃകയിൽ പൂർത്തിയാക്കിയ 33 അടി ഉയരവും 6200 ചതുരശ്ര അടി വിസ്തീർണ്ണവുമുള്ള പടുകൂറ്റൻ സ്തംഭത്തിൽ ഏതാണ്ട് അമ്പതിനായിരത്തിൽപ്പരം മൺചിരാതുകൾ തെളിയിക്കും. കൂടാതെ ഒന്നരയേക്കറോളം വരുന്ന ക്ഷേത്രമൈതാനത്ത് ഭക്തജനങ്ങൾ വീടുകളിൽനിന്നെത്തിക്കുന്ന ആയിരത്തോളം നിലവിളക്കുകളും ദീപപ്രഭ ചൊരിയും.
തുടർച്ചയായ അഞ്ചാമത് വർഷമാണ് ദേശവിളക്ക് തെളിയിക്കുന്നത്. ദേശവിളക്കിനോടനുബന്ധിച്ച് ക്ഷേത്രത്തിലേക്കുള്ള റോഡിലും ക്ഷേത്രമൈതാനത്തും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ-വൈക്കം റൂട്ടിലെത്തുന്ന വാഹനങ്ങൾ ചെറുകര സ്‌കൂൾ ഗ്രൗണ്ടിലും പടിഞ്ഞാറുഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ആണ്ടൂർക്കവല-ഇല്ലിക്കൽതാഴെ റോഡരികിലും പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
നാലാം ഉത്സവദിവസമായ ഇന്ന് രാവിലെ പതിവുചടങ്ങുകൾക്കു പുറമെ രാവിലെ 8 ന് കാർത്തികപൊങ്കാല നടക്കും. 11.40 ന് പൊങ്കാല ദീപാരാധന, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 6 ന് ചുറ്റുവിളക്ക്, ദീപാരാധന, ദേശവിളക്ക് തെളിയിച്ചശേഷം 7.15 ന് ചൊവ്വല്ലൂർ മോഹനവാര്യരും മുപ്പതിൽപ്പരം കലാകാരന്മാരും ചേർന്നൊരുക്കുന്ന പാണ്ടിമേളം, 8 ന് ദുർഗാദേവിക്ക് പൂമൂടൽ, തുടർന്ന് ദേശവിളക്ക് സദ്യ.
സമാപനദിനമായ നാളെ രാവിലെ 10 ന് കാഴ്ചശ്രീബലി, ഉച്ചകഴിഞ്ഞ് 3.30 ന് താമരക്കുളം ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 4.30 ന് താമരക്കുളം ജംഗ്ഷനിൽ സമൂഹപ്പറ, 6.30 ന് താലപ്പൊലി ഘോഷയാത്ര. ചെണ്ടമേളം, ശിങ്കാരിമേളം, പമ്പമേളം, പീലിക്കാവടി, കൊട്ടക്കാവടി, ദേവതെയ്യം, ഭദ്രകാളി നൃത്തം എന്നിവ അകമ്പടിയേകും. 7 ന് കോവിൽപ്പാടത്ത് ദീപക്കാഴ്ച, രാത്രി 9ന് സിനിമാ, ടിവി താരങ്ങൾ അണിനിരക്കുന്ന ഗാനമേളയും കോമഡി ഷോയും.