പാലാ: മീനച്ചിൽ ഗ്രാമപ്പഞ്ചായത്തോഫീസിലെ ജനകീയ സേവന സൗകര്യങ്ങളും , ജന സൗഹൃദ മുഖവും വിശദമായി മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്ന് മാണി. സി. കാപ്പൻ എം. എൽ. എ പറഞ്ഞു. സംസ്ഥാനത്ത് മറ്റൊരു പഞ്ചായത്തോഫീസിലും ഇത്ര വിപുലമായ സൗകര്യങ്ങൾ ഉണ്ടാകാൻ വഴിയില്ലെന്നും എം. എൽ. എ. കൂട്ടിച്ചേർത്തു.
മീനച്ചിൽ പഞ്ചായത്തിനെ ജനസൗഹൃദമാക്കുന്നതിനു മുൻകൈ എടുത്ത സെക്രട്ടറി എം. സുശീലിനെ നേരിട്ട് അഭിനന്ദിക്കാൻ ഇടമറ്റത്തെ പഞ്ചായത്ത് ആസ്ഥാനത്ത് എത്തിയതായിരുന്നു മാണി. സി. കാപ്പൻ. പഞ്ചായത്തോഫീസിലെ ജന സേവന സൗകര്യങ്ങൾ കണ്ടു മനസിലാക്കിയ എം. എൽ. എ ഏറെ സംതൃപ്തി രേഖപ്പെടുത്തി. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്ന സെക്രട്ടറി എം. സുശീലിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി കാപ്പൻ പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജനപ്രതിനിധികളെയും എം.എൽ. എ. അനുമോദിച്ചു. അരമണിക്കൂറോളം മാണി. സി. കാപ്പൻ പഞ്ചായത്തോഫീസിൽ ചെലവഴിച്ചു. വിവിധ നിവേദനങ്ങളും കൈപ്പറ്റി.