ചങ്ങനാശേരി: തൃക്കൊടിത്താനത്ത് റിട്ട. ഹെഡ്കോൺസ്റ്റബിൾ വി.സി.ജോസഫ് നടത്തുന്ന പുതുജീവൻ ട്രസ്റ്റ് ആശുപത്രിയിലെ ലഹരിവിമോചന കേന്ദ്രത്തിൽ മൂന്ന് അന്തേവാസികൾ ഒരാഴ്ചയ്ക്കിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ക്ഷീണവും കാലിൽ നീരുമായി ഇവിടെനിന്ന് ആശുപത്രികളിലേക്ക് മാറ്റിയവരാണ് മരിച്ചത്. ആറു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മന്ത്രി കെ.കെ.ശൈലജ റിപ്പോർട്ട് തേടി. തൃക്കൊടിത്താനം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സ്ഥാപനത്തിനെതിരെ ഇന്നലെ നാട്ടുകാർ സംഘടിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
മുക്കൂട്ടുതറ വെൺകുറിഞ്ഞി കുറ്റിപ്പറമ്പിൽ ഷെറിൽ (44), തിരുവനന്തപുരം പേട്ട പാൽക്കുളങ്ങര സ്വദേശി സി.ജി.ഗിരീഷ് (41), വാകത്താനം പുത്തൻചന്ത താന്നിക്കൽ എബ്രഹാം യുഹാന്നോൻ (22) എന്നിവരാണ് മരിച്ചത്. ഷെറിൽ 24 നും ഗിരീഷ് 27 നും എബ്രഹാം ഇന്നലെ പുലർച്ചെയുമാണ് മരിച്ചത്.
സ്വയം വിരമിച്ച വി.സി.ജോസഫ് നടത്തുന്ന കേന്ദ്രത്തിൽ മാനസിക രോഗികളടക്കം 72 അന്തേവാസികളാണുള്ളത്. ഇവരെ ചികിത്സിക്കാൻ 3 ഡോക്ടർമാരും പരിചരിക്കാൻ 39 ജീവനക്കാരുമുണ്ട്. കഴിഞ്ഞ ആഴ്ചമുതലാണ് രണ്ട് വനിതകളടക്കം 10 അന്തേവാസികൾക്ക് തളർച്ചയും കാലിലും ഇടുപ്പിലും നീരും അനുഭവപ്പെട്ടത്. രോഗം കടുത്തതിനെ തുടർന്ന് തിരുവല്ലയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഷെറിൽ മരിച്ചു. അസ്വാഭാവികത തോന്നാത്തതിനാൽ പോസ്റ്റുമോർട്ടം നടത്തിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
രോഗം മൂർച്ഛിച്ച ഗിരീഷിനെ 25നാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശേപ്പിച്ചത്. പിന്നാലെ പ്രവേശിപ്പിച്ച തൃശൂർ സ്വദേശിയെ ബന്ധുക്കളെത്തി തൃശൂർ മെഡിക്കൽ കോളേജിലേക്കു മാറ്റി. ഇയാളെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പത്തനംതിട്ട ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചതിനെ തുടർന്ന് 26നും 27നും കോട്ടയം ഡി.എം.ഒയുടെ നേതൃത്വത്തിൽ കേന്ദ്രത്തിലെത്തി പരിശോധിച്ച് രോഗലക്ഷണം കണ്ടവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിലേക്കു മാറ്റുകയുമായിരുന്നു.
. ഗിരീഷിന്റെയും എബ്രഹാമിന്റെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ന്യുമോണിയ പോലുള്ള നീർവീക്കമാണ് കാരണമായി പറയുന്നത്. എബ്രഹാമിന്റെ സാമ്പിൾ വിശദ പരിശോധനയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് അയച്ചു.
കാരണം മരുന്നിലെ വിഷാംശമാകാം: ഡി.എം.ഒ
ഹൃദയ പേശിക്ക് നീർക്കെട്ടുണ്ടായാണ് മൂന്നു പേരും മരിച്ചതെന്ന് ഡി.എം.ഒ ഡോ.ജേക്കബ് വറുഗീസ് പറഞ്ഞു. 'മയോക്കാർഡൈറ്റിസ്' രോഗംമൂലം പെട്ടെന്ന് മരിച്ചെന്നാണ് കരുതുന്നത്. വിഷാംശം ഉള്ളിൽ ചെന്നാലും അങ്ങനെ സംഭവിക്കാം. മാനസിക രോഗമുള്ളവരും ഡീ അഡിക്‌ഷനുവേണ്ടിയുള്ളവരുമാണ് അന്തേവാസികൾ. സാധാരണ ആളുകൾക്കുള്ള മരുന്നല്ല ഇവർ കഴിക്കുന്നത്. മരുന്നുകാരണം കാലിന് നീർക്കെട്ട് വരാം. ഇവർക്ക് ഒരേസമയം രോഗം വന്നതും മരിച്ചതുമാണ് ദുരൂഹതയ്ക്ക് കാരണം. കൊറോണയോ, എച്ച് വൺ എൻ വണ്ണോ ഇവർക്കില്ല. മെഡിക്കൽ കോളേജിലുള്ള ആറിൽ 5 പേരും ഭേദപ്പെട്ടുവരുന്നു.
''പുതുജീവൻ ട്രസ്റ്റ് ആശുപത്രിക്കെതിരെ ഉയർന്ന പരാതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ട് അനിൽ ഉമ്മനാണ് ചുമതല. രോഗവും മരണകാരണവും സംബന്ധിച്ച് വ്യക്തത വരുത്താൻ ടോക്‌സിക്കോളജിക്കൽ പരിശോധന നടത്തും.
-ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു
നാട്ടുകാർ പറയുന്നു
ഉയർന്ന ഫീസ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നേരത്തേ പരാതിപ്പെട്ടിരുന്നു. എന്നാൽ പൊലീസ് യഥാസമയം നടപടിയെടുത്തില്ല.