കോട്ടയം: ഏറ്റുമാനൂർ, കാരിത്താസ് മേഖലകളിലെ കെ.എസ്.ടി.പി റോഡിലെ കയ്യേറ്റങ്ങൾ മാർച്ച് 10നകം ഒഴിപ്പിക്കാൻ ജില്ലാ വികസന സമിതി തീരുമാനിച്ചു. അഡ്വ. കെ.സുരേഷ് കുറുപ്പ് എം.എൽ.എയാണ് വിഷയം യോഗത്തിൽ അവതരിപ്പിച്ചത്. ഏറ്റുമാനൂർ ഗവൺമെന്റ് ടി.ടി.ഐയ്ക്കു സമീപം റോഡ് കയ്യേറി പ്രവർത്തിക്കുന്ന കച്ചവടക്കാരും തട്ടുകടക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസ്, റവന്യു, കെ.എസ്.ടി.പി അധികൃതർ സംയുക്തമായാണ് ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകുക. റോഡിന്റെ വശങ്ങളിൽ വാഹന ഗതാഗതത്തിനും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും.

വേനൽക്കാലം എത്തുന്നതിന് മുൻപുതന്നെ ജില്ലയിൽ കുടിവെള്ളവിതരണം സുഗമമാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. പൂവത്തുംമൂട് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നടന്നുവരുന്ന നിർമ്മാണം വേഗത്തിലാക്കാനും വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി.

ഈരയിൽക്കടവ് വികസന ഇടനാഴിയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കും ഈ റോഡിൽ സാഹസികമായി ബൈക്കോടിക്കുന്നവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയ കുടിവെള്ളം മാത്രമേ ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്നുള്ളൂ എന്ന് തദേശ സ്വയംഭരണസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് എന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ ആവശ്യപ്പെട്ടു.

പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ ജലദൗർലഭ്യം പരിഹരിക്കണം. കാഞ്ഞിരപ്പള്ളിയിൽ പള്ളത്തുപ്പാറ, മുക്കട കോളനിയിൽ നടപ്പാക്കുന്ന അംബേദ്കർ സ്വാശ്രയ പദ്ധതി വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണം. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ കാത്ത്‌ലാബ് സ്ഥാപിക്കുന്നതിന് വൈദ്യൂതീകരണ പ്രവൃത്തികളുടെ പൂർത്തീകരണ റിപ്പോർട്ട് നൽകിയതായി പൊതുമരാമത്ത് വൈദ്യുതി ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനിയർ അറിയിച്ചു.

പാലാ സയൻസ് സിറ്റി പദ്ധതി പ്രദേശത്ത് തുടർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടറോഡുകളും സംരക്ഷണഭിത്തിയും നിർമിക്കുന്നതിനായി 47 മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയതായി സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ അറിയിച്ചു.

എ.ഡി.എം അനിൽ ഉമ്മന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി ബാബു ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടെസ് പി.മാത്യു, വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.