കോട്ടയം: ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം കോട്ടയം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ആഘോഷമായി. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഗുണഭോക്താക്കളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രഷണം നടന്നു.
മുനിസിപ്പൽ ചെയർമാൻമാരും പഞ്ചായത്ത് പ്രസിഡന്റുമാരും പ്രാദേശികതല പ്രഖ്യാപനം നിർവഹിച്ചു. ലൈഫ് വീടിനു മുന്നിൽ നിന്നെടുത്ത ഫോട്ടോകളുമായാണ് ഗുണഭോക്താക്കൾ സംഗമത്തിനെത്തിയത്. ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരിപാടിയിൽ പങ്കുചേർന്നു. ലൈഫ് മിഷനിലൂടെ നാട്ടിലുണ്ടായ മാറ്റങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനവും ഇതോടനുബന്ധിച്ചു നടന്നു.
അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി പൂർത്തീകരണപ്രഖ്യാപനം നടത്തി. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ താക്കോൽ ദാനം നടത്തി.
ഡോ. എൻ. ജയരാജ് എം.എൽ.എ നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പൂർത്തീകരണ പ്രഖ്യാപനം നടത്തി. ഈരാറ്റുപേട്ട നഗരസഭയിൽ നടന്ന ചടങ്ങിൽ പി.സി ജോർജ് എം.എൽ.എ പങ്കെടുത്തു. ചെയർമാൻ വി.എം സിറാജ് പൂർത്തീകരണ പ്രഖ്യാപനം നടത്തി.
കോട്ടയം മുനിസിപ്പാലിറ്റിയിലെ സംഗമം മാമ്മൻ മാപ്പിള ഹാളിൽ നടന്നു. മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന പ്രഖ്യാപനം നടത്തി. വൈക്കം, പാലാ, ചങ്ങനാശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ മുനിസിപ്പൽ അദ്ധ്യക്ഷരായ ബിജു വി.കണ്ണേഴത്ത്, മേരി ഡൊമിനിക്, ലാലിച്ചൻ കുന്നിപ്പറമ്പിൽ, ജോർജ്ജ് പുല്ലാട്ട് എന്നിവർ നേതൃത്വം നൽകി.