കോരുത്തോട്: സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ ജനങ്ങൾക്ക് തൃപ്തികരമായ രീതിയിൽ സേവനങ്ങൾ ലഭ്യമാക്കാൻ ജീവനക്കാർ ജാഗ്രത പുലർത്തണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശിച്ചു. കോരുത്തോട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഏത് ആവശ്യത്തിനും ആഴ്ച്ചകളോളം വില്ലേജ് ഓഫീസിൽ കയറിയിറങ്ങേണ്ടിയിരുന്ന പഴയ സാഹചര്യം ഇന്ന് മാറിയിട്ടുണ്ട്. ഒരു സന്ദർശനം കൊണ്ടുതന്നെ ആവശ്യം സാധിച്ചുകിട്ടുന്നു എന്ന് ജീവനക്കാർ ഉറപ്പാക്കണം. ഇങ്ങനെ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ തുടർ നടപടികൾ സംബന്ധിച്ച ശരിയായ വിവരങ്ങൾ ജനങ്ങൾക്കു നൽകുകയും വേണം മന്ത്രി പറഞ്ഞു.

കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പുതിയ കെട്ടിടം നിർമിക്കുന്നതിന് ഗ്രാമപഞ്ചായത്ത് നൽകിയ 50 സെന്റ് സ്ഥലത്തിന്റെ പ്രമാണം ആരോഗ്യവകുപ്പിന് മന്ത്രി കൈമാറി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സോനു ചന്ദ്രൻ രേഖ ഏറ്റുവാങ്ങി.

പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടമായ ഇളംകാട് സ്വദേശി ഗംഗാധരനും കോരുത്തോട് സ്വദേശി ജോസഫ് തോമസിനും ഭൂമിയുടെ അവകാശരേഖയും വീടിന്റെ താക്കോലും മന്ത്രി നൽകി.

പി.സി. ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി.കെ.സുധീർബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. രാജേഷ്, മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.ടി. അയൂബ്ഖാൻ, അജിത രതീഷ്, കോട്ടയം ആർ.ഡി.ഒ. ജോളി ജോസഫ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രാജൻ, വൈസ് പ്രസിഡന്റ് ഷിജി അജയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ടി.കെ. രാജു, അജിത ഓമനക്കുട്ടൻ, പി.കെ. സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.