പാലാ: നഗരത്തിലെ നടപ്പാതകളിൽക്കൂടി നടക്കണമെങ്കിൽ നല്ല നേരം നോക്കണേ......! അത്രയ്ക്കുണ്ട് , അപകടക്കുഴികൾ.....
ഓടകളുടെ മുകളിൽക്കൂടിയുള്ള നടപ്പാതയാണെങ്കിൽ പറയുകയും വേണ്ട. നഗരത്തിലെ പല ഭാഗത്തും നടപ്പാതകൾ തകർന്നുകിടക്കാൻതുടങ്ങിയിട്ട് നാളുകളായി. മഹാറാണി തിയേറ്റർ ജംഗ്ഷനിൽനിന്ന് ഈരാറ്റുപേട്ട റോഡിൽക്കൂടിയുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ 'നടുവൊടിഞ്ഞില്ലെങ്കിൽ ഭാഗ്യം'; ഓടയുടെ മുകളിൽ നിർമിച്ച നടപ്പാതയിലാണ് വൻ ഗർത്തം. സ്ലാബ് തകർന്ന് വട്ടത്തിൽ അടർന്നുപോയിരിക്കുകയാണ്. ഗർത്തം കണ്ടില്ലെങ്കിൽ ഇതിലൂടെ കാൽ കടന്ന് അടിതെറ്റിവീഴുമെന്നുറപ്പാണ്.
തൊട്ടു സമീപത്തുതന്നെ പഴയ മൃഗാശുപത്രി ഭാഗത്തേക്കുള്ള റോഡ് ആരംഭിക്കുന്ന ജംഗ്ഷനിലും ഓടയ്ക്കു മുകളിൽ നടപ്പാതയായി ഇട്ട സ്ലാബുകൾ തെന്നിമാറിയിരിക്കുകയാണ്. സ്ലാബുകൾ തമ്മിൽ അടർന്നിരിക്കുന്നതിനാൽ നടപ്പാതയിലൂടെ എത്തുന്നവരുടെ കാൽ ഇതിൽ കുടുങ്ങി പരുക്കേൽക്കും. നഗരത്തിലെ ടൈൽ പാകിയ നടപ്പാതകളിലെ സ്ഥിതിയും ഭിന്നമല്ല. പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ ടൈലുകൾ മാറ്റിയിട്ടില്ല. ടൈൽ കഷണങ്ങൾ പലയിടത്തും ചിതറിക്കിടക്കുകയാണ്. തകർന്ന ടൈലുകൾ കഴിഞ്ഞുവരുന്ന ഭാഗം ഉയർന്നുനിൽക്കുന്നതിനാൽ നടപ്പാതകളിൽ നിരവധിയാളുകൾ തട്ടിവീഴാറുണ്ട്. കുരിശുപള്ളിക്കവലയിലെ നടപ്പാതയിൽ ഇരുമ്പു ഗ്രില്ല് തുരുമ്പെടുത്തുതകർന്നിട്ട് നാളുകളായി. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളടക്കമുള്ളവർ സഞ്ചരിക്കുന്നയിടത്താണിത്.
നഗരത്തിലെമ്പാടും വിവിധയിടങ്ങളിൽ നടപ്പാത ശോച്യാവസ്ഥയിലായിട്ടും നന്നാക്കാൻ അധികൃതർ അലംഭാവം കാട്ടുകയാണെന്ന് യാത്രക്കാരും വ്യാപാരികളും പറയുന്നു.