ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിവർഷം ഒരുകോടി രൂപയ്ക്കുമേൽ വരുമാനമുള്ള പ്രൊഫഷണലുകൾ വെറും 2,200 പേർ മാത്രം! 2018-19ലെ കണക്കുകൾ ആധാരമാക്കി, ആദായനികുതി വകുപ്പ് ഇന്നലെ ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്‌ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുകൾ തുടങ്ങിയ പ്രൊഫഷണലുകളുടെ കണക്കാണിത്.
കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) വരുമാനം 'വെളിപ്പെടുത്തിയ" പ്രൊഫഷണലുകളുടെ മാത്രം കണക്കാണിത്. വരുമാനത്തിൽ വാടക, നിക്ഷേപ പലിശ, മറ്റ് മൂലധന നേട്ടം എന്നിവ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യയുടെ വികസനത്തിനായി എല്ലാവരും കൃത്യമായി നികുതി അടയ്ക്കണമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു. നികുതിവെട്ടിപ്പ് നടത്തുന്നവർ, മറ്റുള്ളവർക്കുമേൽ കൂടുതൽ ബാദ്ധ്യത സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നികുതിദായകർ ചുരുക്കം
130 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനം വെളിപ്പെടുത്തിയ വ്യക്തികൾ 5.78 കോടിപ്പേരാണ്.
1.03 കോടി
കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച്, വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ താഴെയുള്ളവർ 1.03 പേർ.
3.29 കോടി
രണ്ടര ലക്ഷത്തിനും അഞ്ചുലക്ഷം രൂപയ്ക്കും ഇടയിൽ വാർഷിക വരുമാനമുള്ളവർ 3.29 കോടിപ്പേർ.
4.32 കോടി
കഴിഞ്ഞവർഷം 4.32 കോടിപ്പേർ അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുണ്ടെന്ന് വെളിപ്പെടുത്തി.
0%
അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതി ബാദ്ധ്യതയിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ, ആദായ നികുതി ബാദ്ധ്യതയുള്ളവർ 5.78 കോടിപ്പേരിൽ 1.46 കോടിപ്പേർ മാത്രം.
46 ലക്ഷം
ആദായ നികുതിബാദ്ധ്യതയുള്ള 1.46 കോടിപ്പേരിൽ 46 ലക്ഷം പേർക്കാണ് 10 ലക്ഷം രൂപയ്ക്കുമേൽ വാർഷിക വരുമാനമുള്ളത്. 50 ലക്ഷം രൂപയ്ക്കുമേൽ വരുമാനമുള്ളത് 3.16 ലക്ഷം പേർ.
8,600
ഇന്ത്യയിൽ അഞ്ചു കോടി രൂപയ്ക്കുമേൽ വാർഷിക വരുമാനമുള്ള വ്യക്തികൾ 8,600 പേർ മാത്രം.