red-252

സി.ഐ അലിയാരും എസ്.ഐ സുകേശും അടങ്ങുന്ന സംഘം അവരെ സൂക്ഷിച്ചു നോക്കി.

അക്കൂട്ടത്തിൽ പുരുഷന്മാരുണ്ട്. സ്ത്രീകളും കുട്ടികളും ഉണ്ട്!

പോലീസിനെ കണ്ട് അവർ പരസ്പരം നോക്കി കണ്ണുകൾ കൊണ്ടു സംസാരിച്ചു.

അതൊരു അപകടസൂചനയായി അലിയാർക്കു തോന്നി.

എന്നാൽ...

പെട്ടെന്ന് അവർക്കിടയിൽ നിന്ന് പാഞ്ചാലി മുന്നിലേക്കു വന്നു.

''സാറ് തിരഞ്ഞുവന്നത് എന്നെയാണെന്നറിയാം. സാറ് വന്നില്ലായിരുന്നെങ്കിലും ഞാൻ വന്നേനെ... സാറിന്റെ മുന്നിലേക്ക്."

അവൾ ചുണ്ടനക്കി.

അലിയാർ അവളെ ശ്രദ്ധിച്ചു.

ഒരു നിമിഷം നടുക്കവും സഹാനുഭൂതിയും ഉണ്ടായി അയാൾക്ക്.

നേരത്തെ പലവട്ടം പാഞ്ചാലിയെ കണ്ടിട്ടുണ്ട്. സൗന്ദര്യത്തിന്റെ ഒരു നിറകുടമായി.

പക്ഷേ ഇപ്പോൾ...

കരിഞ്ഞു കറുത്ത്...

ഒറ്റയ്ക്ക് രാത്രിയിൽ ഇവളെ മുന്നിൽ കണ്ടാൽ ആരും ഭയന്നുപോകുമെന്ന് അയാൾക്കു തോന്നി.

അലിയാരു‌ടെ മനോഗതം പാഞ്ചാലി തിരിച്ചറിഞ്ഞു.

''സാർ... ഞാൻ തന്നെയാണ് പാഞ്ചാലി. ഇപ്പോൾ പേരു മാത്രമേയുള്ളു. അതാർക്കും നശിപ്പിക്കാൻ കഴിയില്ലല്ലോ... പെട്രോൾ ഒഴിച്ചു തീയിട്ട ഒരാൾക്ക് ഇങ്ങനെയിരിക്കാനല്ലേ കഴിയൂ?"

അവളുടെ ശബ്ദത്തിലെ നീറ്റൽ അലിയാർക്കു മനസ്സിലായി.

അയാൾ എന്തെങ്കിലും പറയും മുമ്പ് പാഞ്ചാലി തുടർന്നു:

''തീ പിടിച്ചിട്ടും ഞാൻ ജീവിച്ചിരിക്കുന്നതുതന്നെ ഒരത്ഭുതമല്ലേ സാർ? ഒരുപക്ഷേ ദുഷ്ടനിഗ്രഹത്തിനായി ഈശ്വരൻ എന്നെ ബാക്കിവച്ചതാകും. അല്ലാതെ ഈശ്വരനു നേരിട്ടിറങ്ങിവന്ന് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ..."

അവൾ ദീർഘമായി നിശ്വസിച്ചു.

അവിടെ നിശ്ശബ്ദതയുടെ ഒരു മതിൽക്കെട്ട് ഉയർന്നു.

അതിനെ മുറിച്ചത് അലിയാരുടെ ശബ്ദമാണ്.

''ബലഭദ്രൻ തമ്പുരാൻ?"

''എന്റെ കണക്കുപുസ്തകത്തിൽ ശത്രുക്കളുടെ എണ്ണം ഇപ്പോൾ പൂജ്യമാണ് സാർ... "

ആ വാചകത്തിൽ നിന്ന് അലിയാർ സത്യം മണത്തു. തമ്പുരാൻ ബാക്കിയില്ല!

നേരത്തെ പ്രതീക്ഷിച്ചിരുന്നതിനാൽ അയാൾ ഞെട്ടിയില്ല.

''അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് പാഞ്ചാലിക്ക് ഒന്നു പറയാമോ?"

''പറയാം."

സങ്കോചം കൂടാതെ അവർ മരക്കമ്പുകൾ കൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തിലിരുന്നു. ശേഷം തന്റെ ശിരസ്സിലേക്ക് പെട്രോൾ ഒഴിച്ചു തീവച്ചതു വരെ പറഞ്ഞു.

ശ്വാസം പിടിച്ചാണ് മറ്റുള്ളവർ കേട്ടുനിന്നത്. ആ രംഗം മുന്നിൽ കാണുന്നതുപോലെ...

''എന്നിട്ട്? പിന്നെങ്ങനെ രക്ഷപെട്ടു?"

ചോദിച്ചത് എസ്.ഐ സുകേശാണ്.

ഒരു നിമിഷം ആ രംഗം ഓർക്കുന്നതുപോലെ ഇരുന്നു പാഞ്ചാലി.

പിന്നെ പറഞ്ഞു:

''പ്രാണ പരാക്രമത്തിനിടയിൽ ഞാൻ വെള്ളത്തിലേക്കു വീണ് പാറയിടുക്കിലൂടെ ഒഴുകി... പിന്നെ ഞാൻ കണ്ണുതുറക്കുമ്പോൾ ഇവിടെയായിരുന്നു. ഇവരാണ് എനിക്കെല്ലാം പറഞ്ഞുതന്നത്.

കാട്ടുതേൻ നിലമ്പൂരിൽ കൊണ്ടുപോയി വിറ്റശേഷം മടങ്ങിവരികയായിരുന്നു. ഇവരിൽ രണ്ടുപേർ എന്നെ അവർ തീവയ്ക്കുന്നതു കണ്ടിരുന്നു. പിന്നീട് മറ്റാരും കാണാതിരിക്കുവാൻ അവർ വേഗം അവിടെ നിന്ന് പലായനം ചെയ്തു.

ഞാൻ വീണ ദിശ നോക്കി പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെ ഇവർ താഴേക്കോടി. അങ്ങനെ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവിടുത്തെ ഔഷധസസ്യങ്ങൾ ഉപയോഗിച്ച് എന്റെ മുറിവുകൾ ഭേദമാക്കി. കാട്ടുചോലയിൽ തെളിഞ്ഞ എന്റെ മുഖം കണ്ടപ്പോൾ ജീവിച്ചിരിക്കേണ്ടിയിരുന്നില്ല എന്നുപോലും എനിക്കു തോന്നിപ്പോയി. അതിനു മുൻപ് എന്നെ എനിക്കൊന്നു കാണുവാൻ കണ്ണാടി തരാൻ പറഞ്ഞിട്ടും ഇവർ തന്നിരുന്നില്ല..."

പാഞ്ചാലിയുടെ കണ്ണുകൾ നിറഞ്ഞുതൂവി.

അലിയാരുടെ ഹൃദയം ആർദ്രമായി. ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്നിരുന്ന കുട്ടിക്ക് നേരിടേണ്ടിവന്ന വിധി.

''എന്നിട്ട്?"

അലിയാർ ഒന്നിളകിയിരുന്നു.

''എന്റെ പപ്പ ഇവരെ ഒരുപാട് സഹായിച്ചിരുന്നു. ഇവരാണ് എനിക്ക് ധൈര്യം തന്നത്. അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തുപോയേനെ..."

പാഞ്ചാലി ഊരുമൂപ്പന്റെ കരം കവർന്നു.

''ഇദ്ദേഹം എന്റെ തണുത്തുറഞ്ഞ മനസ്സിലേക്ക് തീ കോരിയിട്ടുതന്നു. ശത്രുക്കളെ അമർച്ച ചെയ്യുന്നത് അനിവാര്യമാണെന്ന് ബോദ്ധ്യപ്പെടുത്തി. എന്തു സഹായവും ചെയ്തുതരാമെന്നും ഏറ്റു. അങ്ങനെയാണ് എനിക്ക് ലക്ഷ്യം നേടാൻ കഴിഞ്ഞത്. അല്ലെങ്കിൽ ഒരു പെണ്ണായ എനിക്ക് എന്തുചെയ്യാൻ കഴിഞ്ഞേനെ?"

''കോവിലകത്തിൽ പാഞ്ചാലിയുടെ മുറിക്കുള്ളിൽ നിന്ന് ആഢ്യൻപാറയിൽ എത്തുന്ന തുരങ്കത്തെക്കുറിച്ച് പാഞ്ചാലി എങ്ങനെയാണ് അറിഞ്ഞത്?"

അലിയാർ അവളിൽ നിന്നു കണ്ണുകളെടുത്തില്ല.

''പപ്പ മരണം പ്രതീക്ഷിച്ചിരിക്കണം. അതിനാലാവും അതേക്കുറിച്ച് എന്നോടു പറഞ്ഞത്. നിലവറയിൽ നിന്നും പുറത്തേക്കുള്ള മാർഗ്ഗത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു."

പറഞ്ഞിട്ട് പാഞ്ചാലി തിരിഞ്ഞ് ഊരുനിവാസികളായ ചിലരെ നോക്കി.

''അതൊക്കെയിങ്ങ് കൊണ്ടുവാ."

അവർ ചില ചാക്കുകെട്ടുകൾ കൊണ്ടുവന്ന് പോലീസ് ഉദ്യോഗസ്ഥന്മാരുടെ മുന്നിൽ വച്ചു.

(തുടരും)