''അതഴിച്ചു കാണിക്ക്."
പാഞ്ചാലി അവരോടു പറഞ്ഞു.
ചാക്കുകെട്ടുകൾ കൊണ്ടുവന്നവർ തന്നെ അതു തുറന്നു കാണിച്ചു.
പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണുതള്ളി...
രത്‌നങ്ങളുടെ കണ്ണഞ്ചിക്കുന്ന തിളക്കം!
അടുത്ത ചാക്കിൽ സ്വർണ്ണവാളും കഠാരയും മറ്റുമായിരുന്നു.
''ഇതൊക്കെ കോവിലകത്തുനിന്ന് പ്രജീഷ് കൊള്ളയടിച്ചുകൊണ്ടുവന്നതാണ്. ഞങ്ങളുടെ കയ്യിൽ പെട്ടു." പാഞ്ചാലി അലിയാരെ അറിയിച്ചു.
''ഇനി സാറിന് എന്നെ അറസ്റ്റുചെയ്യാം. പിന്നെ ഒന്നുരണ്ട് അപേക്ഷകളുണ്ട്. ഇവരൊക്കെ പാവങ്ങളാ. ഒന്നിലും ഇവരെ പെടുത്തരുത്. എല്ലാ കുറ്റവും ഞാൻ ഏറ്റുകൊള്ളാം. അടുത്തത്... കഴിവതും വേഗത്തിൽ എനിക്കൊരു തൂക്കുകയർ വാങ്ങിച്ചു തരണം."
അലിയാർ തലകുടഞ്ഞു.
''അത് പറ്റില്ല പാഞ്ചാലി. നിന്നെപ്പോലെ ഒരു കൊച്ചുപെണ്ണ് ഇത്രയൊക്കെ ദുരിതങ്ങൾ സഹിച്ചില്ലേ? എന്റെ കാഴ്ചപ്പാടിൽ നീ ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ അതോടെ അവസാനിച്ചിരിക്കുന്നു. കാരണം അങ്ങനെയൊക്കെ ചെയ്തുവെങ്കിലും നിന്റെ ഭാഗത്ത് ഒരു ന്യായമുണ്ട്."
വിശ്വസിക്കുവാൻ കഴിഞ്ഞില്ല പാഞ്ചാലിക്ക്. അവൾക്കു മാത്രമല്ല ഊരുമൂപ്പനും ഇതൊക്കെ കേട്ടുനിന്ന മറ്റുള്ളവർക്കും.
''സാർ..."
പാഞ്ചാലിയുടെ ഒച്ച ചിലമ്പി.
''അതെ. നിന്നെക്കാളൊക്കെ നൂറുമടങ്ങ് കുറ്റകൃത്യങ്ങൾ ചെയ്തവർ ഇപ്പോഴും ഈ രാജ്യത്ത് സുഖമായി വാഴുമ്പോൾ, നീ മാത്രം ശിക്ഷിക്കപ്പെട്ടിട്ട് എന്തു കാര്യം?"
മറുപടി നൽകുവാൻ കഴിഞ്ഞില്ല പാഞ്ചാലിക്ക്.
അലിയാർ മെല്ലെ എഴുന്നേറ്റ് അവളുടെ തോളിൽ കൈവച്ചു.
''ഇതൊക്കെ ചെയ്തത് നീയാണെന്ന് തെളിയിക്കുന്ന രേഖകൾ ഞങ്ങളുടെ പക്കലില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെ അതൊക്കെ ഞങ്ങൾ നശിപ്പിച്ചിരിക്കും. നിനക്ക് നീതി കിട്ടണം. എസ്.പി ഷാജഹാൻസാറും അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്."
മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല പാഞ്ചാലിക്ക്.
അലിയാർ തുടർന്നു:
''പാഞ്ചാലി മരിച്ചിട്ടില്ല എന്നുമാത്രം പുറംലോകം അറിഞ്ഞാൽ മതി. വടക്കേ കോവിലകത്ത് ഇനിയും നീ ഉണ്ടാവണം.
ഈ രത്നങ്ങളും സ്വർണ്ണ ആയുധങ്ങളുമൊക്കെ ആർക്കിയോളജി വകുപ്പിന് അവകാശപ്പെട്ടതാണ്. അവർ കൃത്യമായി ഇവയുടെ മൂല്യം നിർണ്ണയിക്കുകയും കമ്മീഷൻ ഇനത്തിൽ തലമുറകളോളം കഴിയാനുള്ള പണം നിനക്ക് ലഭിക്കുകയും ചെയ്യും."
പാഞ്ചാലി കണ്ണുകൾ ഇറുക്കിയടച്ചു.
''ഇല്ല സാർ... എന്റെ പപ്പയെയും മമ്മിയെയും അടക്കം ഇല്ലാതാക്കിയ ആ കോവിലകം എനിക്കിനി വേണ്ടാ. ജീവിക്കുകയാണെങ്കിൽ ഇനി ഞാൻ ഇവരോടൊപ്പമായിരിക്കും. ഈ ഊരിൽ..."
''കൊച്ചുതമ്പുരാട്ടീ..." അവൾ പറഞ്ഞതുകേട്ട് ഊരുമൂപ്പൻ അമ്പരന്നു. ''എന്താ ഈ പറയുന്നത്? തമ്പുരാട്ടി ഞങ്ങടെ കൂടെയോ?"
''മാമൻ ഒന്നും പറയണ്ടാ..."
പാഞ്ചാലി അയാളുടെ വാ പൊത്തി.
അയാൾ ആ കൈ എടുത്തുമാറ്റി.
''തമ്പുരാട്ടി എന്താ എന്നെ വിളിച്ചത്... ഇങ്ങനൊന്നും വിളിക്കല്ലേ.."
പാഞ്ചാലി ചിരിച്ചു.
''എന്റെ ജീവൻ തിരിച്ചുതന്നവരെ വിളിക്കേണ്ടത് ദൈവം എന്നാണ്..."
ഊരിലുള്ളവരൊക്കെ അത്ഭുതപരതന്ത്രരായി.
പാഞ്ചാലി സി.ഐ അലിയാർക്കു നേരെ തിരിഞ്ഞു.
''സാർ... ഞാൻ വീണ്ടും അപേക്ഷിക്കുകയാണ് ചെയ്ത കൊലപാതകങ്ങളെല്ലാം ഏറ്റുപറയാൻ ഞാൻ ഒരുക്കമാണ്."
''അത് വേണ്ടാ." അലിയാരുടെ ശബ്ദം കനത്തു. ''നിലമ്പൂരിനെ കാർന്നുതിന്നുകൊണ്ടിരുന്ന കുറെ ക്യാൻസർ വൈറസുകളെയാണ് പാഞ്ചാലി മുറിച്ചുനീക്കിയത്. അത് ഈ നാടിനോടു ചെയ്ത ഏറ്റവും നല്ല കാര്യം. ഒരുപക്ഷേ രാജഭരണമായിരുന്നെങ്കിൽ ജനങ്ങൾ കാൺകെ പാഞ്ചാലിക്ക് ഇവരെയൊക്കെ കൊല്ലേണ്ടിവന്നേനെ."
പാഞ്ചാലി മിണ്ടിയില്ല.
അപ്പോൾ എസ്.ഐ സുകേശ് പറഞ്ഞു:
''എനിക്കൊരഭിപ്രായമുണ്ട്."
പാഞ്ചാലി അയാളെ നോക്കി.
''എന്താണു സാർ?"
''പാഞ്ചാലി ജീവിക്കുന്നത് ഇവിടെയാണെങ്കിലും മറ്റുചിലതൊക്കെയാവാം. കോവിലകത്തിന് ഏക്കർ കണക്കിനു ഭൂമിയില്ലേ? ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഇവരെക്കൂടി കൂട്ടി അവിടെ കൃഷിചെയ്തുകൂടേ? പിന്നെ കമ്മീഷനായി കിട്ടുന്ന പണവും വേണ്ടെന്നുവയ്ക്കരുത്. സർക്കാരിന്റെ ഭാഗത്തുനിന്ന് സഹായം കിട്ടിയില്ലെങ്കിലും ഇവരുടെ ഉന്നമനത്തിനു വേണ്ടി ആ പണം ഉപയോഗിക്കാം."
അതൊരു നല്ല ആശയമായി പാഞ്ചാലിക്കും തോന്നി.
''അതുകൊണ്ടുമാത്രം തീർന്നില്ല സാർ. ഞാൻ കാരണം അനാഥമായിപ്പോയ ഒരു കുടുംബമുണ്ട്. വിവേകിന്റെ... അവരെയും എനിക്കു സഹായിക്കണം."
''തീർച്ചയായും."
പോലീസ് സംഘം മടങ്ങാനൊരുങ്ങി. അലിയാർ, ഊരുമൂപ്പനെ നോക്കി.
''രണ്ട് മൂന്ന് ആൾക്കാരെ ഈ സാധനങ്ങളുമായി ആഢ്യൻപാറവരെ ഞങ്ങൾക്കൊപ്പം വിട്ടാൽ ഉപകാരമായി."
അയാൾ ചാക്കുകെട്ടുകൾക്കു നേരെ കൈചൂണ്ടി.
''ഈ വനത്തിലൂടെ ഞങ്ങൾക്ക് ഇതും ചുമന്നുകൊണ്ടുപോകുവാൻ പ്രയാസമായിരിക്കും."
''അതിനെന്താ സാർ. എത്രപേരെ വേണമെങ്കിലും അയയ്ക്കാം."
മൂപ്പനു സന്തോഷമായി.
അലിയാരും സംഘവും എല്ലാവരോടും യാത്ര പറഞ്ഞു.
അല്പദൂരം അവർക്കൊപ്പം പാഞ്ചാലിയും നടന്നു.
അപ്പോൾ മരത്തലപ്പുകൾക്കിടയിലൂടെ അസ്തമയ സൂര്യന്റെ പഴുത്ത ലോഹം പോലെയുള്ള മുഖം കാണാമായിരുന്നു!
(അവസാനിച്ചു)