പാലാ: പതിനാറ് വർഷക്കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം അബുദാബിയിൽ നിന്ന് മടങ്ങുമ്പോൾ കുടക്കച്ചിറ കരിമാലിൽ വീട്ടിൽ സ്റ്റീഫന് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ...നാട്ടിലെന്തെങ്കിലും സ്വന്തം തൊഴിൽ ചെയ്തു ജീവിക്കണം. ഒരു വർഷം മുൻപ് നാട്ടിലെത്തിയ സ്റ്റീഫൻ വിവിധ തൊഴിൽ സംരഭങ്ങളെപ്പറ്റി ആലോചിച്ചു ചിന്തിച്ചിരിക്കെയാണ് ജനുവരി 1 മുതൽ പ്ലാസ്റ്റിക് നിരോധനം വന്നത്. ഈ സമയം സ്റ്റീഫന്റ മനസ്സിൽ തോന്നിയ ഒരു ആശയമാണ് ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് നിരോധനത്തെ മറികടക്കാൻ പ്രകൃതിയിൽ നിന്ന് തന്നെ ഒരു പ്രതിവിധി: പറമ്പുകളിൽ പലരും ഉപേക്ഷിച്ചു കളയുന്ന കവുങ്ങിൻ പാളകളിൽ നിന്ന് വിവിധ തരത്തിലുള്ള പ്ലേറ്റുകളും, സ്പൂണുകളും, പായ്ക്കിംഗ് പെട്ടികളും വരെ ഉണ്ടാക്കാമെന്ന് സ്റ്റീഫൻ കണ്ടെത്തി. കൂടാതെ ചെറിയ വിലയ്ക്ക് പാളകൾ വാങ്ങിയാൽ അത് കർഷകർക്ക് ഒരു മാനവും ആവും.
അങ്ങനെ കേരളത്തിൽ പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നും പാളകൾ ശേഖരിച്ച് വീടിനു സമീപം ചെറിയൊരു യൂണിറ്റ് ആരംഭിച്ചു. ആദ്യം ഭാര്യ ബിന്ദു മാത്രമായിരുന്നു സഹായി. പുതിയ ആശയം സാക്ഷാത്കരിക്കുമെന്ന് തോന്നൽ വന്നതോടെ രണ്ട് ജീവനക്കാരെയും നിയമിച്ചു. അപ്പോഴുണ്ട് മറ്റൊരു പ്രശ്‌നം കേരളത്തിന് ആവശ്യത്തിന് പാള ലഭിക്കുന്നില്ല. പല കർഷകരും ഇത് ശേഖരിക്കുക പോലും ചെയ്യുന്നില്ല. അങ്ങനെയാണ് അയൽ സംസ്ഥാനമായ കർണ്ണാടകയിലേക്ക്.
സ്റ്റീഫൻ എത്തിയത്. കർണ്ണാടകയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്ന് പാളകൾ യഥേഷ്ടം ലഭിച്ചു തുടങ്ങി. ഒരു പാളയ്ക്ക് 3 രൂപയ്ക്കാണ് സ്റ്റീഫൻ വാങ്ങുന്നത്. സാധനമെല്ലാം നാട്ടിലെത്തുമ്പോഴേക്കും നല്ലൊരു തുക ട്രാൻസ്‌പോർട്ടിംഗ് ചാർജാകും, സ്റ്റീഫൻ പറയുന്നു. പ്ലാസ്റ്റിക് പ്ലേറ്റുകൾ കൂടുതലായി കണ്ടുവരുന്ന റിസോർട്ടുകൾ, താത്ക്കാലിക വഴിയോര കച്ചവട സ്ഥാപനങ്ങൾ, ഐസ്‌ക്രീം കമ്പനികൾ എന്നിവിടങ്ങളിൽ തന്റെ ഉത്പന്നങ്ങൾ എത്തിക്കാനാണ് സ്റ്റീഫൻ ലക്ഷ്യമിടുന്നത്.
ഇപ്പോൾ വിവിധ അളവിലുള്ള പ്ലേറ്റുകൾ, സ്പൂണുകൾ, ഐസ് ക്രീം കപ്പുകൾ, ഭക്ഷണം പാഴ്‌സൽ നല്കുന്ന ബോക്‌സുകൾ മുതലായ സ്റ്റീഫൻ നിർമ്മിക്കുന്നു. ഇവിടുത്തെ കർഷകർ നല്കുകയാണെങ്കിൽ കർണ്ണാടകത്തിലെ അതേ വിലയ്ക്ക് സാധനം വാങ്ങുവാനും സ്റ്റീഫൻ തയ്യാറാണ്. എന്തായാലും സ്റ്റീഫൻ ഇപ്പോൾ സന്തുഷ്ടനാണ് പ്രകൃതിയോട് അടുത്തതിനാൽ.