ravisankar-prasad

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഷഹീൻ ബാഗിലെ പ്രതിഷേധക്കാരോട് സംസാരിക്കാൻ മോദി സർക്കാർ തയ്യാറാണെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ രവിശങ്കർ പ്രസാദ്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധം രണ്ട് മാസം പിന്നിടുന്ന വേളയിലാണ് രവിശങ്കർ പ്രസാദ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഷഹീൻ ബാഗിലെ പ്രതിഷേധക്കാരോട് ആശയവിനിമയം നടത്താനും,​ പൗരത്വ നിയമ ഭേദഗതിയെ (സി‌.എ‌.എ) സംബന്ധിച്ച എല്ലാ സംശയങ്ങളും നീക്കാനും നരേന്ദ്ര മോദി സർക്കാർ തയ്യാറാണെന്നാണ് ശനിയാഴ്ചത്തെ ട്വീറ്റിലൂടെ രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ചർച്ചകൾ ഘടനാപരമായ രൂപത്തിലായിരിക്കണമെന്നും അദ്ദേഹം കുറിച്ചു.

Government is ready to talk to protestors of Shaheen Bagh but then it should be in a structured form and the @narendramodi govt is ready to communicate with them and clear all their doubts they have against CAA. pic.twitter.com/UjGikFN8tY

— Ravi Shankar Prasad (@rsprasad) February 1, 2020

ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ഓഹ്‌ല നിയോജകമണ്ഡലത്തിലാണ് ഷഹീൻ ബാഗ്. തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി പൗരത്വ നിയമ ഭേദഗതി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് സാഹചര്യം വിലയിരുത്തിയിരുന്നു. ഷഹീൻ ബാഗിൽ റോഡ് സ്തംഭിപ്പിച്ച് വൻ ജനക്കൂട്ടം നിരന്തര സമരത്തിലായരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നതിനു തടസങ്ങളുണ്ടാവുമോയെന്ന് പൊലീസ് പരിശോധിച്ചത്.