kristalina-georgieva

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് വീണ്ടും ആവർത്തിച്ച് അന്താരാഷ്ട്ര നാണ്യനിധി ഡയറക്ട‌ർ ക്രിസ്റ്റലിന ജോ‌ർജിവ. എന്നാൽ രാജ്യത്ത് സമ്പത്തിക മാന്ദ്യമുണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. 2019ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പെട്ടെന്ന് മാന്ദ്യം നേരിടാൻ കാരണം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ,​ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ സാമ്പത്തിക പരിഷ്കരണ നടപടികളാണെന്നും അവർ വ്യക്തമാക്കി. അടുത്ത വർഷം 5.8 ശതമാനം വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്. 2021ൽ ഇത് 6.5 ശതമാനമായി ഉയരണമെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ കേന്ദ്ര ബഡ്‌ജറ്റിനെയും പ്രതീഷയോടെയാണ് ക്രിസ്റ്റലിന നോക്കികണ്ടത്. ഇന്ത്യയിൽ ധനപരമായ ഇടപാടുകൾക്കുള്ള സാഹചര്യങ്ങൾ കുറവാണ്. കേന്ദ്രസർക്കാർ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നാണ് കരുതുന്നത്. ബഡ്‌ജറ്റിൽ പുതിയ സാമ്പത്തിക നയങ്ങൾ സ‌ക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ക്രിസ്റ്റലിന പറഞ്ഞു.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മാന്ദ്യമായി വിശേഷിപ്പിക്കാനാവില്ലെന്നും ക്രിസ്റ്റലിന പറഞ്ഞു. "ഇത് സാമ്പത്തിക മാന്ദ്യമല്ല, നിങ്ങൾ മാന്ദ്യത്തിൽ നിന്നും ഒരുപാട് അകലെയാണ്. സമ്പദ് വ്യവസ്ഥയിലെ ഒരു പ്രതിസന്ധി മാത്രമാണ് ഇപ്പോഴുള്ളതെന്നും" അവ‌ർ പറഞ്ഞു.