ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ 'ബേട്ടി പഠാവോ ബേട്ടി ബചാവോ" പദ്ധതി വൻ വിജയമെന്ന് ധനമന്ത്രി നിർമ്മല സീതാരാമാൻ. ബഡ്‌ജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പരാമർശം. സ്‌കൂൾ അഡ്മിഷനിൽ പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളെ മറികടന്നെന്നും അവർ പറഞ്ഞു.
ബഡ്‌ജറ്റിൽ കുട്ടികളുടെ പോഷകാഹാര പദ്ധതിക്കായി 3,56,000 കോടി രൂപ അനുവദിച്ചു. വനിതാകേന്ദ്രീകൃത പദ്ധതികൾക്കായി 28600 കോടിയും വകയിരുത്തി.
പിന്നാക്ക വിഭാഗത്തിന് കൂടുതൽ ഊന്നൽ നൽകുന്നതാണ് കേന്ദ്ര ബഡ്‌ജറ്റ്. പട്ടികജാതി, ഒബിസി വിഭാഗങ്ങൾക്കായി 85,000 കോടിയും, പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിനത്തിനായി 53,700 കോടി രൂപയും അനുവദിച്ചു.
2015 ജനുവരി 22നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി 'ബേട്ടി പഠാവോ ബേട്ടി ബചാവോ' പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ കുറഞ്ഞുവരുന്ന പെൺ ശിശുജനനനിരക്ക് വർധിപ്പിക്കുക, പെൺകുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തുക എന്നീ ലക്ഷ്യങ്ങളായിരുന്നു പദ്ധതിയിലൂടെ മുന്നോട്ട് വച്ചിരുന്നത്.